സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. 2025 ൽ മാത്രം രോഗം ബാധിച്ചത് 201 പേർക്കാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. അതിനിടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ ഇന്ന് മരിച്ചു. 2024 ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 . എന്നാൽ ഈ കഴിഞ്ഞ വർഷം അത് 201 ആയി കുതിച്ചുയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2024 ൽ മരണസംഖ്യ 9 ആയിരുന്നെങ്കിൽ 2025 ഇൽ അത് 47 ആയി ഉയർന്നു. അതായത് 2024 ലെ രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഴിഞ്ഞ വർഷത്തെ മരണസംഖ്യ. പുതിയ വർഷം ആരംഭിക്കുമ്പോഴും ആശങ്ക തുടരുകയാണ്.ഈ വർഷത്തെ ആദ്യ അമീബിക് മരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രേഖപ്പെടുത്തി. കഴിഞ്ഞ ഒരുമാസമായി എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വെങ്ങാനൂർ സ്വദേശി ഡി. സുധാകരനാണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടവും വ്യക്തമല്ല.വളരെ അപൂർവമായി ബാധിക്കുന്ന രോഗം നൂറുകണക്കിന് ആളുകളിൽ ബാധിച്ചിട്ടും ഉറവിടം കണ്ടെത്താനായിട്ടില്ല എന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മലിന ജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം ബാധ ഉണ്ടാകുന്നതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാൽ കിണർ വെള്ളം മാത്രം ഉപയോഗിച്ചവർക്കും രോഗം വന്നതോടെ ഉറവിടം ഏതെന്ന കാര്യത്തിൽ പ്രതിസന്ധിയായി. സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്ന് നടത്തുന്ന ഫീല്‍ഡ് തല പഠനം മാസങ്ങൾ പിന്നിട്ടിട്ടും എവിടെയാണ് ഉറവിടം എന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും ഉത്തരമില്ല.

