ടാറ്റ-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു
ഇളമഞ്ചിലി: വിശാഖപട്ടണം-ദുവ്വാഡ വഴി എറണാകുളത്തേക്ക് പോവുകയായിരുന്ന ടാറ്റ-എറണാകുളം (18189) എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 1.30 നാണ് അപകടം. ഒരാൾ മരിച്ചതായും റിപ്പോർട്ട്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖർ എന്ന യാത്രക്കാരനാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. മറ്റ് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ എല്ലാ ട്രെയിനുകളും റദ്ദാക്കി. പുലർച്ചെ 3.30 ന് ശേഷം യാത്രക്കാരെ മറ്റൊരു ട്രെയിനിലേക്ക് മാറ്റിയതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.ട്രെയിനിന്റെ പാൻട്രി കാറിന് തൊട്ടടുത്തുള്ള ബി1, എം2 എസി കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഇളമഞ്ചിലിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അവിടെ എത്തിയപ്പോഴേക്കും രണ്ട് കോച്ചുകൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.അനകപ്പള്ളിയിൽ നാല് മണിക്കൂർ വൈകി എത്തിയ ട്രെയിൻ അവിടെ നിന്ന് പുറപ്പെട്ട് നർസിംഗബള്ളി വഴി കടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബി1 കോച്ചിലെ ബ്രേക്ക് ബൈൻഡിംഗ് മൂലമുണ്ടായ ഘർഷണമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കത്തിയമർന്ന കോച്ചുകളിലെ യാത്രക്കാരുടെ വസ്ത്രങ്ങളും ലഗേജുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായും നശിച്ചു.

