ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിരക്കിൽപ്പെട്ട് നടൻ വിജയ് വീണു
മലേഷ്യയിലെ റെക്കോർഡ് പങ്കാളിത്തം കുറിച്ച ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ് ചെന്നൈയിൽ തിരിച്ചെത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ ദളപതി വിജയ് വിമാനത്താവളത്തിൽ ആരാധകരുടെ തിരക്കിൽപ്പെട്ട് വീണു.ഞായറാഴ്ച രാത്രി വൈകി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു താരത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവങ്ങൾ അരങ്ങേറിയത്. താരത്തെ ഒരുനോക്ക് കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരുടെ ആവേശം നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് താരം കാലുതെറ്റി വീണത്.മലേഷ്യയിലെ കോലാലംപൂരിൽ നടന്ന തന്റെ പുതിയ ചിത്രമായ ‘ജനനായകന്റെ’ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് വിജയ് ചെന്നൈയിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിന് പുറത്തുകടന്ന് തന്റെ വാഹനത്തിലേക്ക് നീങ്ങുന്നതിനിടെ, ആരാധകർ കൂട്ടത്തോടെ താരത്തിന് അടുത്തേക്ക് കുതിച്ചെത്തുകയായിരുന്നു.ഇതിനിടയിലുണ്ടായ ഉന്തും തള്ളിലും പെട്ട് തന്റെ വാഹനത്തിന് തൊട്ടരികിൽ വെച്ച് വിജയ് നിലത്തു വീണു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അദ്ദേഹത്തെ എഴുന്നേൽപ്പിക്കുകയും സുരക്ഷിതമായി വാഹനത്തിനുള്ളിലേക്ക് മാറ്റുകയും ചെയ്തു. താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.വിജയ്‌യെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നിരുന്നത്. അദ്ദേഹം പുറത്തെത്തിയതോടെ ആരാധകർ ബാരിക്കേഡുകൾ ഭേദിച്ച് അടുത്തേക്ക് എത്താൻ ശ്രമിച്ചത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതിനിടെ വിജയ്യുടെ അകമ്പടി വാഹനങ്ങളിൽ ഒന്ന് വിമാനത്താവള പരിസരത്ത് ചെറിയ അപകടത്തിൽപ്പെട്ടതായും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.നിമിഷങ്ങൾക്കുള്ളിൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ ശാന്തമാക്കി വിജയ്‌യെ അവിടെനിന്നും കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.മലേഷ്യയിലെ റെക്കോർഡ് പ്രകടനംഡിസംബർ 27-ന് മലേഷ്യയിലെ കോലാലംപൂരിലുള്ള ബുകിത് ജലീൽ സ്റ്റേഡിയത്തിൽ നടന്ന ‘ജനനായകൻ’ ഓഡിയോ ലോഞ്ച് ഒരു ചരിത്ര സംഭവമായിരുന്നു. ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത ഈ ചടങ്ങ്, മലേഷ്യയിൽ ഒരു ഓഡിയോ ലോഞ്ചിന് ലഭിക്കുന്ന ഏറ്റവും വലിയ ജനപങ്കാളിത്തമായി ‘മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടംപിടിച്ചു. തന്റെ കരിയറിലെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സിനിമയുടെ ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം ആരാധകരെ ഏറെ വൈകാരികമാക്കിയിരുന്നു.തമിഴ്നാട്ടിലെ പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയം നിർത്തുകയാണെന്ന തന്റെ തീരുമാനം വിജയ് മലേഷ്യയിൽ വീണ്ടും ദൃഢമായി പ്രഖ്യാപിച്ചു. “സിനിമയിൽ പ്രവേശിക്കുമ്പോൾ അതൊരു ചെറിയ മണൽ വീട് നിർമ്മിക്കലാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ നിങ്ങൾ എനിക്കായി ഒരു കോട്ട തന്നെ നിർമ്മിച്ചു. എനിക്കായി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി, ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുകയാണ്,” വിജയ് തന്റെ ആരാധകരോട് പറഞ്ഞു.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ 2026 പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയായിരുന്നു മലേഷ്യയിലേത്.

