ഹോങ്കോങ്ങ് ദുരന്തം; മരണസംഖ്യ 44 ആയി ഉയർന്നു, മൂന്ന് പേർ അറസ്റ്റിൽ

Spread the love

തായ് പോ: ഹോങ്കോങ്ങിലെ തായ് പോ ജില്ലയിൽ കെട്ടിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരണസംഖ്യ 44 ആയി. 279 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരാണ് അറസ്റ്റിൽ ആയത്.ബുധനാഴ്ച വൈകിട്ടാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിൽ അ​ഗ്നിബാധ ഉണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് ഉണ്ടായത്.നിർമ്മാണ വസ്തുക്കളുടെ കാര്യത്തിലെ അശ്രദ്ധയാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയതും കൂടുതൽ നാശനഷ്ടമുണ്ടാക്കിയതുമായ തീപ്പിടിത്തമാണിത്. സംഭവത്തിൽ 62 പേർക്ക് പരിക്കേൽക്കുകയും ഒരു അഗ്നിശമന സേനാംഗം മരണപ്പെടുകയും ചെയ്തിരുന്നു.കെട്ടിടങ്ങളുടെ പുറംചുവരുകളിൽ ഉപയോഗിച്ച ചില വസ്തുക്കൾ അഗ്നിപ്രതിരോധ നിലവാരം പുലർത്തിയിരുന്നില്ലെന്നും, എളുപ്പത്തിൽ തീ പടരുന്ന സ്റ്റൈറോഫോം മെറ്റീരിയലുകൾ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് പേർ നിർമ്മാണ കമ്പനിയുടെ ഡയറക്ടർമാരും ഒരു എഞ്ചിനീയറിംഗ് കൺസൾട്ടന്റുമാണ്.1980-കളിൽ നിർമിച്ച എട്ട് കെട്ടിടങ്ങൾ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാർപ്പിട സമുച്ചയങ്ങളാണ് ഉള്ളത്. 4800 പേർ ഇവിടെ താമസിച്ചിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തായ് പോ ജില്ലിയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *