വെല്ലുവിളികളെ അതിജീവിച്ച് അതിവേഗം മുന്നേറി ഇന്ത്യൻ സമ്പദ് വ്യവസ്ഥ
ആഗോളതലത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളെ അതിജീവിച്ച് അതിവേഗം മുന്നേറി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാണയപ്പെരുപ്പം, ഡോളറിന്റെ മുന്നേറ്റം, രാജ്യങ്ങൾ തമ്മിലെ സംഘർഷം, വിതരണ ശൃംഖലയിലെ പ്രതിസന്ധി എന്നിങ്ങനെയുളള നിരവധി വെല്ലുവിളികളെയാണ് ഇന്ത്യ അതിജീവിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ചാ പ്രതീക്ഷ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.നിലവിൽ, വളർച്ചാ നിർണയ സൂചികകൾ എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത് അടിസ്ഥാനപ്പെടുത്തുമ്പോൾ 2023-24 – ൽ ഇന്ത്യ 6.4 ശതമാനം വളരുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് നാണയപ്പരുപ്പം കുറയുന്നതിനാൽ അടുത്ത യോഗങ്ങളിൽ പലിശ നിരക്ക് നിലനിർത്താൻ സാധ്യതയുണ്ട്. കൂടാതെ, വർഷാന്ത്യത്തിലോ 2024- ലോ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന റിസർവ് ബാങ്ക് നൽകുന്നുണ്ട്.