നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
നിതീഷ് കുമാർ ഇന്ന് ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 10ആം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. ഇത് ഒരു റെക്കോർഡാണ്. പറ്റ്നയിലെ ഗാന്ധി മൈദാനിൽ വച്ചാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങി പ്രധാനപ്പെട്ട എൻഡിഎ നേതാക്കളൊക്കെ ചടങ്ങിൽ സംബന്ധിക്കും.ബുധനാഴ്ചയാണ് എൻഡിഎ മുന്നണിയുടെ നേതാവായി നിതീഷ് കുമാർ ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാവായ സാമ്രാട് ചൗധരിയാണ് എൻഡിഎ യോഗത്തിൽ വച്ച് നിതീഷ് കുമാറിൻ്റെ പേര് നിർദ്ദേശിച്ചത്. യോഗത്തിന് ശേഷം രാജ്ഭവനിലെത്തിയ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ അവകാശവാദമുന്നയിക്കുകയും ചെയ്തു.എൻഡിഎയുടെ ചരിത്രവിജയത്തിൽ ഉപേന്ദ്ര കുശ്വാഹ സംസ്ഥാനത്തെ സ്ത്രീവോട്ടർമാർക്ക് നന്ദി അറിയിച്ചു. വിജയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പങ്ക് ചെറുതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും വിജയത്തിൽ നിർണായക പങ്കുവഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.ബീഹാറില്‍ സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. എൻഡിഎയ്ക്ക് ഉജ്ജ്വല വിജയമൊരുക്കിയ ബീഹാറിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 202 സീറ്റുകളിൽ വിജയിച്ച് ബീഹാറിൽ തകർപ്പൻ ജയമാണ് എൻഡിഎ കുറിച്ചത്. 122 സീറ്റുകളായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിനും അപ്പുറമായിരുന്നു വിജയം. വെറും 34 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്.

