തെരഞ്ഞെടുപ്പിന് 1.80 ലക്ഷം ഉദ്യോഗസ്ഥർ, സുരക്ഷക്ക് 70000 പൊലീസുകാർ; വിപുലമായ മുന്നൊരുക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായി പൊലീസുകാരടക്കം രണ്ടര ലക്ഷത്തോളം സർക്കാർ ജീവനക്കാരെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ ഷാജഹാൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മാത്രമായി ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയും സുരക്ഷ ഉറപ്പാക്കാൻ 70000ത്തോളം പൊലീസുകാരെയും നിയോഗിക്കും. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുമായി 1249 റിട്ടേണിങ് ഓഫിസർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഓരോ ഭരണാധികാരിക്കും ഒന്നിലധികം ഉപഭരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരും ഉണ്ടാകും. പോളിംഗ് സാധനങ്ങളുടെ വിതരണത്തിനും, പോളിംഗിന് ശേഷം അവ തിരിച്ച് സ്വീകരിച്ച് സൂക്ഷിക്കുന്നതിനുമായി സംസ്ഥാനത്ത് ആകെ 244 വിതരണ സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ ചിഹ്നം അനുവദിച്ച് ഉത്തരവായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കാനോ, മതസ്ഥാപനങ്ങളോ ആരാധനാലയങ്ങളോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരവമോ സമുദായപരമോ ഭാഷാപരവുമായ സംഘർഷങ്ങൾ ഉണ്ടാകുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണ പ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർത്ഥികളുടെയോ പ്രതിപക്ഷ പാർട്ടികളുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിലിരിക്കുന്ന പാർട്ടികൾ ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാ അധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്യാൻ പാടില്ല. പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാൻ കമ്മീഷൻ തീരുമാനിക്കുകയും അതനുസരിച്ചുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലകളിൽ ഒരു മോണിറ്ററിങ് കമ്മിറ്റി ഉണ്ടാകും. ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തദ്ദേശവകുപ്പിലെ ജോയിന്റ് ഡയറക്ടർ, പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഈ കമ്മിറ്റിയിൽ ഉണ്ടാകും. മാധ്യമ പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയാവണം പ്രസിദ്ധീകരിക്കേണ്ടത്. വാർത്തകളുടെ നിജസ്ഥിതി ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെടുത്തുന്നതിനായി ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകരും, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI), സോഷ്യൽ മീഡിയ രംഗത്തുള്ള വിദഗ്ധരും ഈ സമിതിയിൽ അംഗങ്ങളായിരിക്കും.വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിൽകേരളത്തിൽ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. ഡിസംബർ ഒമ്പതിനും 11നുമാണ് കേരളത്തിൽ വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

