ഞാൻ വേണ്ടത് ചെയ്യാം.. അന്ന് എം.എ.യൂസഫലി ഉറപ്പ് നൽകി; അപൂർവ്വ രോ​ഗം വന്ന് കിടപ്പിലായ നിവേദ് തിരികെ ജീവിതത്തിലേക്ക്

Spread the love

തൃശൂർ: ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ഇന്ന് പുതുജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അമ്മയ്ക്ക് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരൻ നിവേദ് ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. അപൂർവ്വ രോ​ഗം മൂലം ചലനശേഷി നഷ്ടപ്പെട്ട നിവേദിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം എത്തിയത്. കഴിഞ്ഞ ഡിസംബറിൽ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്ലി ഉദ്ഘാടനം കഴിഞ്ഞ് ശ്രീനാരായണ കോളജിലെ ഹെലിപ്പാഡിൽ മടങ്ങവെ നിവേദിനൊപ്പം മാതാവ് യൂസഫലിയുടെ അരികിലെത്തി മകൻ്റെ വിഷമങ്ങൾ പറഞ്ഞത്. കുഞ്ഞിന്റെ രോ​ഗം ചോദിച്ചു മനസിലാക്കിയ യൂസഫലി തുടർ ചികിത്സയ്ക്കുള്ള സഹായവും വാ​ഗ്ദാനം ചെയ്തു. അന്ന് മുതലുള്ള ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപയാണ് എം.എ.യൂസഫലി നൽകിയത്. തുടർ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം കൂടി യൂസഫലിയുടെ നിർദേശാനുസരണം കഴിഞ്ഞ ദിവസം ലുലു ​ഗ്രൂപ്പ് പ്രതിനിധികളായ സിഎംഡിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ​ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ആശുപത്രിയിലെത്തി കൈമാറി.മൂന്ന് വയസു വരെ പൂർണ ആരോ​ഗ്യവാനായി കളിച്ചു ചിരിച്ചു നടന്ന നിവേദിന്റെ ജീവിതത്തിന്റെ പ്രതീക്ഷ കെട്ടത് പെട്ടന്നുള്ള പനിയായിരുന്നു. പനി വന്നതോടെ ശരീരം തളർന്ന നിവേദ് പിന്നീട് പഴയ സ്ഥിതിയിലേക്ക് എത്തിയില്ല. നടക്കാനോ സംസാരിക്കാനോ കഴിയാതെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട നിവേദിന് മീഥെയില്‌ മെലോനിക്ക് അനുഡൂരിയ എന്ന അപൂർവ രോ​ഗമാണ് ബാധിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. അങ്ങനെയാണ് ചാലക്കുടിയിലെ സാൽവിവോ ആയൂർവേദ വെൽനസ് ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി എത്തിക്കുന്നത്. തെറാപ്പികളിലൂടെ നെർവുകളുടെ ബ്ലോക്ക് മാറ്റുന്ന ചികിത്സാ രീതിയിലൂടെ ഡോക്ടർ സം​ഗീതിന്റെ നേതൃത്വത്തിൽ ചികിത്സ നൽകി. പൂർണമായും മരുന്നുകളില്ലാതെ തെറാപ്പി ചികിത്സയിലൂടെ നിവേദ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. ഒരു ദിവസം കൊണ്ട് തീരുന്ന അസുഖമല്ല നിവേദിനെന്നും മുന്നോട്ടുള്ള തെറാപ്പിയിലൂടെ മാത്രമേ നിവേദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയു എന്നും ഡോ.സം​ഗീത് പ്രതികരിക്കുന്നത്. അവശനായി കിടന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോൾ ഡോക്ടറിനും സന്തോഷമേറെ. നിർധനരായ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുന്നോട്ട് വന്ന എം.എ യൂസഫലിക്കുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ലെന്ന് ഡോക്ടർ പറയുന്നു. തന്റെ മകനിന്ന് തിരിച്ചു വരവിന്റെ പാതയിലാണെന്നും യൂസഫലി സാറിനോടും കുടുംബത്തോടുമുള്ള തങ്ങളുടെ കടപ്പാട് നന്ദി വാക്കിൽ ഒതുങ്ങില്ലെന്നാണ് മാതാവ് മനു പ്രതികരിക്കുന്നത്.പടം അടിക്കുറിപ്പ്: അപൂർവ്വ രോ​ഗം ബാധിച്ച് ചികിത്സയിൽ തുടരുന്ന നിവേദിനുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം ലുലു ​ഗ്രൂപ്പ് പ്രതിനിധികളായ സിഎംഡിയുടെ സെക്രട്ടറി ഇ.എ ഹാരീസ്, മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *