പത്മനാഭ സ്വാമിയെ ക്ഷേത്രത്തിന് പുറത്തേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചു
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ അല്‍പശി ഉത്സവത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം വിമാനത്തവളത്തിൻ്റെ റൺവേ കടന്ന് ശംഖുമുഖം തീരത്തെ ആറാട്ട് കടവിലേക്ക് ഘോഷയാത്രയായി സ്വര്‍ണഗരുഡ വാഹനത്തില്‍ ശ്രീ പത്മനാഭ സ്വാമി എത്തി. വൈകിട്ട് 4 മണിയോടെയായിരുന്നു പടിഞ്ഞാറേ നട വഴി ശ്രീ പത്മനാഭ സ്വാമിയെ ക്ഷേത്രത്തിന് പുറത്തേക്ക് ആറാട്ടിനായി എഴുന്നള്ളിച്ചത്.ആനകളുടെയും വാദ്യമേളത്തിൻ്റെയും ശംഖ് വിളികളുടെയും അകമ്പടിയോടെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി, നരസിംഹമൂര്‍ത്തി, തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാല്‍ക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങളും ഉൾപ്പെട്ട പ്രൗഢ ഗംഭീരമായ ഘോഷയാത്ര വള്ളക്കടവ് വഴിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവള റൺവെയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ നടന്ന ആറാട്ട് കലശത്തോടെയാണ് സമാപന ദിവസത്തെ ചടങ്ങുകള്‍ ആരംഭിച്ചതെന്ന് ക്ഷേത്ര പിആര്‍ഒ മുകേഷ് അറിയിച്ചു. തുടര്‍ന്ന് പശുവിനെയും കിടാവിനെയും എത്തിച്ച് പള്ളിക്കുറുപ്പ് ദര്‍ശനം നടത്തിയശേഷം അഭിഷേകവും മറ്റു പൂജകളും നടത്തി. ഇന്നത്തെ ആറാട്ട് കലശത്തിന് ശേഷം, തിരുവോണദിവസമായ 31 ന് പൊന്നും ശീവേലിയും നടക്കും. ഇതോടെ 10 ദിവസം നീണ്ടു നിൽക്കുന്ന അല്‍പശി ഉത്സവത്തിന് കൊടിയിറങ്ങും.


 
							 
							