കിളിമാനൂരിൽ സ്‌കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ
കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർത്ഥിയെയാണ് നായകൾ കടിച്ചത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി നായകൾ ആക്രമിക്കുകയായിരുന്നു.സമീപത്തെ ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന കുട്ടികളാണ് നായകളെ ഓടിച്ച് വിട്ട്, പ്രയാഗിനെ രക്ഷിച്ചത്. ശരീരത്തിന്റെ പിൻഭാഗത്ത് മുറിവുകളേറ്റ കുട്ടിക്ക് കേശവപുരം സർക്കാർ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി.മുറിവുകളേറ്റ കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളജിൽ കുത്തിവയ്പ്പ് നൽകി.നേരത്തെയും സ്‌കൂൾ വളപ്പിൽ കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്നും കുട്ടിയുടെ അച്ഛൻ പ്രശാന്ത് പരാതിപ്പെട്ടു. സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പ്രശാന്ത് പരാതി നൽകിയിട്ടുണ്ട്.