അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെ പൊതുസമൂഹത്തോട് ചേർത്ത് നിർത്തുകയാണ് ലക്ഷ്യം : മന്ത്രി ഒ.ആർ.കേളു
അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തെ മാറ്റിനിർത്തുകയല്ല പൊതുസമൂഹത്തോട് ചേർത്ത് നിർത്തുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. തദ്ദേശീയ ജനവിഭാഗത്തോട് പൊതുജനം ഐക്യപ്പെടുകയാണ് വേണ്ടതെന്നും അവരുടെ കല, ഭക്ഷണം, കരകൗശല കഴിവുകളെ അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ആര്യനാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താഴേത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രത്യേക ഊന്നൽ നൽകുകയാണ്. അവർ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിലെത്തണം. ആയിരത്തിലധികം കുട്ടികളെ വിദേശ സർവകലാശാലകളിലേക്ക് ഉന്നത പഠനത്തിന് അയക്കാൻ സാധിച്ചു. മികച്ച വിദ്യാഭ്യാസത്തിലൂടെ കൂടുതൽ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും വക്കീലന്മാരും ഈ വിഭാഗത്തിൽ നിന്നുണ്ടാകണം. ഇതുവഴി അടിസ്ഥാന വർഗ്ഗത്തിന്റെ സാമൂഹ്യ പശ്ചാത്തല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജി.സ്റ്റീഫൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം മിനി. എ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, പ്രോജക്ട് ഓഫീസർ എം.മല്ലിക, മറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.