രാജ്യത്ത് സ്ത്രീധന കുറ്റക്ത്യങ്ങളിൽ 14 ശതമാനം വർധന, 6100 മരണങ്ങൾ; മുന്നിൽ ഉത്തർപ്രദേശ്

Spread the love

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വർധനവ്. നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ പുതിയ റെക്കോർഡ് പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2023ൽ 14 ശതമാനം കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം സ്ത്രീധനവുമായി ബന്ധപ്പെട്ട് 15000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6100 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമ പ്രകാരം 2023ൽ 15,489 കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. എന്നാൽ 2022ൽ ഇത് 13479ഉം 2021ൽ 13568 ഉം ആയിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. 7151കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യഥാക്രമം ബിഹാർ (3665), കർണാടക (2322) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. പശ്ചിമ ബംഗാൾ, ഗോവ, അരുണാചൽ പ്രദേശ്, ലഡാക്ക്, സിക്കിം എന്നിവയുൾപ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ വർഷം സ്ത്രീധന കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 2023ൽ സ്ത്രീധന മരണങ്ങളിൽ 6156 പേർക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്. ഏറ്റവും കൂടുതൽ മരണങ്ങളും ഉത്തർപ്രദേശിൽ ആണ് റിപ്പോർട്ട് ചെയ്തത്. 2122 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാറിൽ 1143 മരണങ്ങളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 2023 ൽ രാജ്യത്തുടനീളമുള്ള 833 കൊലപാതകങ്ങൾ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്ത്രീധന നിരോധന നിയമ പ്രകാരം 27,154 അറസ്റ്റുകൾ രാജ്യത്ത് ഈ വർഷം ഉണ്ടായി. അതിൽ 22316 പുരുഷന്മാരും 4838 സ്ത്രീകളും ഉൾപ്പെടുന്നു.വിദ്യാർഥി ആത്മഹത്യകളിലും മുൻ വർഷത്തെ അപേക്ഷിച്ച് വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *