നാടും നഗരവും ഒത്തുകൂടി, ആനന്ദലഹരിയിൽ ആറാടിച്ച് സിതാര
സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ‘ദേശാഭിമാനി മെഗാ മ്യൂസിക് ഷോ’യിൽ പിന്നണി ഗായിക സിതാര കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള ‘പ്രോജക്ട് മലബാറിക്കസ്’ ബാൻഡിൻ്റെ കൺസേർട്ട് ശ്രോതാക്കളെ ആവേശത്തിലാറാടിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗായകൻ സച്ചിൻ വാര്യർ കൂടി ചേർന്നതോടെ ആവേശം ഇരട്ടിച്ചു.സിതാരയെ കൂടാതെ കീബോർഡ് ആൻഡ് വോക്കൽ നയിച്ച് ശ്രീനാഥ് നായർ , ലീഡ് ഗിറ്റാറിസ്റ്റ് ആയി വിജോ ജോബ്, റിഥം ഗിറ്റാറിസ്റ്റായി പ്രയ്സ്‌ലി കൃപേഷ്, ബാസ് ഗിറ്റാറുമായി അജയ് കൃഷ്ണൻ, ഡ്രമ്മർ ആയി മിഥുൻ പോൾ എന്നിവരും കളം നിറഞ്ഞു.വി. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. യുവതലമുറ അണിനിരക്കുന്ന ‘റിറ്റ്സ് ജൈം ലൈവ്’ എന്ന ബാൻഡിൻ്റെ അരങ്ങേറ്റവും നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ പ്രചോദനത്തിലാണ് റിറ്റു എന്ന കലാകാരി ഇത്തരമൊരു റോക്ക് ആൻഡ് ഫ്യൂഷൻ ബാൻഡിന് രൂപം കൊടുത്തത്.സെൻട്രൽ സ്റ്റേഡിയത്തിൽ എ.സി.വി-യുടെ നേതൃത്വത്തിൽ നടന്ന ‘എ.സി.വി നല്ലോണം 2025’-ൽ ഗായകരായ സിദ്ധാർത്ഥ് മേനോനും ആര്യ ദയാലും നയിച്ച സംഗീത നിശയും അരങ്ങേരി.