ഐ. മീഡിയുടെ തിരുവോണാശംസകൾ

Spread the love

മലയാളികൾ കാത്തിരുന്ന പൊന്നോണം വന്നെത്തിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല നാടിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കും. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിൻ്റെയും നല്ലൊരു ദിവസമാണ് മലയാളികൾക്ക് തിരുവോണം. മതവും ജാതിയുമില്ലാതെ ഏവരും ഒരുപോലെ കൊണ്ടാടുന്ന സുദിനം. പൂക്കളവും പുത്തൻ കോടിയും ഓണസദ്യയും ഓണക്കളികളും എന്നിങ്ങനെ ആഘോഷത്തിൻ്റെ മാത്രം ദിവസമാണ് ഇന്ന്.കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്. ഉണ്ണാനും ഉടുക്കാനും വഴികാണിക്കുന്നതും മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതുമായ ഒരു പുതുവർഷമാണിത്. തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഏറെക്കുറെ അന്യമായെങ്കിലും, പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേർത്തുപിടിക്കുന്നു. അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്ന് പാരമ്യമാവുകയാണ്.ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങളുടെ തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പുന്നത് ഒരു ചടങ്ങാണ്. വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. അറ്റുപോകാതെ തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.

Leave a Reply

Your email address will not be published. Required fields are marked *