കല നിലാവിൽ വിരിഞ്ഞ് നിശാഗന്ധി
കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം.പഞ്ചവാദ്യവും ചെണ്ട മേളവും ചിങ്ങനിലാവ് മെഗാഷോയും കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു.കൈരളി ടി വി അവതരിപ്പിച്ച ചിങ്ങനിലാവ് സംഗീത നൃത്താവിഷ്കാരം കാണികളെ ആവേശത്തിലാക്കി. സൂരജ് സന്തോഷ്, അമൃത സുരേഷ്, മിഥുൻ ജയരാജ്, മേഘ്ന സുമേഷ്, ദിൽഷ പ്രസന്നൻ, പാർവതി അരുൺ എന്നീ കലാ കാരൻമാരാണ് നിശാഗന്ധിയിൽ കലാ സന്ധ്യയൊരുകിയത്. ‘കൃപാകരി… ‘ എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടെയാണ് മെഗാ ഷോയ്ക്ക് തുടക്കമായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടി ആസ്വദിക്കാനായി എത്തിയ കലാപ്രേമികളാൽ നിശാഗന്ധി ജനനിബിഢമായിരുന്നു.ഇരുപത് വർഷത്തിലധികം പഞ്ചവാദ്യത്തിൽ അനുഭവസമ്പത്ത് ഉള്ള മഹേഷും സംഘവും നടത്തിയ പഞ്ചവാദ്യമാണ് ഉദ്‌ഘാടന ദിനത്തിൽ കനകക്കുന്നിന്റെ പ്രവേശന കവാടത്തിൽ ആദ്യം നടന്നത്. കിളിമാനൂർ അനിൽ മാരാർ, കാലപീഠം ശ്രീരാഗ്, കിളിമാനൂർ ബിനു, ബാലരാമപുരം മഹേഷ്, വിഘ്‌നേശ്, സതീഷ് ബാബു, നെയ്യാറ്റിൻകര ജയശങ്കർ എന്നിവരാണ് നാദവിസ്മയം തീർത്തത്.