മൂവാറ്റുപുഴയില്‍ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ടാം പ്രതിയും പിടിയില്‍

Spread the love

മൂവാറ്റുപുഴയില്‍ എസ്‌ഐയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പൊലീസ് പിടിയില്‍. തൊടുപുഴ സ്വദേശി ആസിഫ് നിസ്സാറിനെയാണ് ഇടുക്കി മൂലമറ്റത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് ഷംസുദ്ദീന്‍ നേരത്തെ കീഴടങ്ങിയിരുന്നു. അതേസമയം പെരുമ്പാവൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയും പിടിയിലായി.

വാഹന പരിശോധനയ്ക്കിടെ കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി മണക്കാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടാം പ്രതി ആസിഫ് നിസാറിനെക്കുറിച്ച് പൊലീസിന് കൂടുതല്‍ വിവരം ലഭിച്ചത്.ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ച കല്ലൂര്‍ക്കാട് പൊലീസ് മൂലമറ്റത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹജരാക്കിയ ആസിഫിനെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.നേരത്തെ മൂവാറ്റുപുഴ കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് ഷംസുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പുള്‍പ്പടെ പൂര്‍ത്തിയാക്കിയിരുന്നു.അതേ സമയം പെരുമ്പാവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയും പിടിയിലായി.പെരുമ്പാവൂര്‍ പെരുമാനി സ്വദേശി ജിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ജയ്‌സണ്‍ എന്ന പൊലീസുദ്യോഗസ്ഥനെയാണ് ജിഷ്ണു കാറിടിച്ച് പരുക്കേല്‍പ്പിച്ചത്. ജിഷ്ണുവുമായി പിണങ്ങി കഴിയുന്ന ഇയാളുടെ ഭാര്യയുടെ കോടനാട്ടെ വീട്ടില്‍നിന്ന് കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോയി എന്ന് പൊലീസില്‍ പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ പരിശോധനയ്ക്ക് ഇറങ്ങിയത്. വളയന്‍ചിറങ്ങറയില്‍ വച്ച് കാറ് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ വാഹനത്തിന് അരികിലേക്ക് എത്തിയപ്പോള്‍ തുറന്നു പിടിച്ച ഡോറുമായി കാര്‍ പ്രതി ഓടിച്ചു പോവുകയായിരുന്നു. കാറിലും പൊലീസ് വാഹനത്തിനും ഇടയില്‍പ്പെട്ട പൊലീസുദ്യോഗസ്ഥനായ ജെയ്‌സന്റെ കൈയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *