സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് വെളിപ്പെടുത്തി എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സ്‌കൂളുകള്‍ക്ക് സമീപത്ത് ലഹരി വസ്തുക്കള്‍ വിറ്റതിന്റെ പേരില്‍ 6 കടകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പൂട്ടിച്ചതെന്നും എം ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി. 412 ഇടനിലക്കാരുളള കണ്ണൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകാരുളള ജില്ല.376 ഇടപാടുകാര്‍ ഉള്ള എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സര്‍ക്കാര്‍ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്കാണിത്. മന്ത്രി രേഖമൂലമാണ് നിയമസഭയെ കണക്കറിയിച്ചത്.സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം കൂടിയതിനാലാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കിയത്. പൊലീസും എക്‌സൈസും ലഹരിക്കടത്ത് കേസില്‍ പിടികൂടിയവരെയാണ് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയത്.തിരുവനന്തപുരത്ത് 117 മയക്കുമരുന്ന് ഇടപാടുകാരാണുള്ളത്. കാസര്‍കോഡ് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാര്‍ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് കാസര്‍ഗോഡ് ഉള്ളത്. തിരുവനന്തപുരത്ത് 2 കടകളും തൃശൂരിലും കോഴിക്കോടും ഒരോ കടകളും കണ്ണൂരില്‍ രണ്ട് കടകളും ആണ് ഇത്തരത്തില്‍ പൂട്ടിച്ചത്. സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുമ്പോള്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.