1.9 കോടി രൂപ തട്ടിയെടുത്ത് ഗോവയിലേക്ക് കടന്ന പ്രതികളെ താനൂർ പോലീസ് പിടികൂടി
താനൂരിൽ തെന്നല സ്വദേശിയെ ആക്രമിച്ച് 1.9 കോടി രൂപ തട്ടിയെടുത്ത് ഗോവയിലേക്ക് കടന്ന പ്രതികളെ താനൂർ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി തടത്തിൽ അബ്ദുൽ കരീം, പരപ്പനങ്ങാടി ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ്, പരപ്പനങ്ങാടി പന്തലങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഈ മാസം 14നാണ് പണവുമായി പോകുമ്പോൾ കാർ തടഞ്ഞു നിർത്തി കവർച്ച നടത്തി പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടത്തി ഗോവയിലേക്ക് കടന്ന രണ്ട് പ്രതികളെ, തിരിച്ചുവരുന്ന വഴി വെള്ളിയാഴ്ച കോഴിക്കോട് നിന്നും, മറ്റൊരു പ്രതിയെ ശനിയാഴ്ചയും പിടികൂടിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി പിടികൂടാൻ ഉണ്ട്. പ്രതികൾ ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണ്. ഒന്നാം പ്രതിയായ അബ്ദുൽ കരീം 11 കേസുകളിൽ പ്രതിയാണ്. മലപ്പുറംജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ താനൂർ ഡിവൈഎസ്പി പ്രമോദ്. പി, മലപ്പുറം ഡി വൈ എസ് പി ബിജു. കെ.എം, താനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ബിജിത്. കെ.ടി, സബ് ഇൻസ്പെക്ടർ സുജിത്ത് എൻ. ആർ, കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.