മുന്നിലെ ഡോര്‍ ലോക്ക് ആയി, ചില്ലു തകര്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല നാട്ടുകാർ

Spread the love

കണ്ണൂര്‍ : കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച്‌ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു നാട്ടുകാര്‍. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.ഓടുന്ന മാരുതി കാറിന്റെ മുന്‍വശത്താണ് തീ കണ്ടത്. ഇത് ഉള്ളിലേക്കു പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓടിയെത്തിവര്‍ക്കു പിന്നിലിരുന്നവരെ രക്ഷിക്കാനായി. മുന്നിലിരുന്ന പ്രജിത് പിന്നിലെ ഡോറിന്റെ ലോക്ക് തുറന്നുനല്‍കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു. ഒരു കുട്ടി ഉള്‍പ്പെടെ നാലു പേരാണ് പിന്‍സീറ്റില്‍ ഉണ്ടായിരുന്നത്. മുന്നിലെ ഡോര്‍ തുറക്കാനായില്ല. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതി, തീ പടര്‍ന്നതിനു ശേഷം വീണ്ടും ശ്രമം തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു.ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്‌റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. അപകടകാരണം എന്തെന്നു വ്യക്തമല്ല. ഇക്കാര്യത്തില്‍ വാഹന വിദഗ്ധരില്‍നിന്ന് അഭിപ്രായം ആരായും. എല്ലാ വശവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *