റോണോ സ്റ്റൈൽ ആഘോഷം, സിറാജിന് ധൈര്യം നൽകിയ റോണോ ടിപ്പ്; സിറാജിനെ വാഴ്ത്തിപ്പാടി ആരാധകർ
ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ അവസാന ടെസ്റ്റ് സ്വന്തമാക്കി ഇന്ത്യ ജയത്തിന് തുല്യമായ സമനില ഉറപ്പിച്ച് പരമ്പര അവസാനിപ്പിച്ചിരിക്കുകയാണ്. ഒരുഘട്ടത്തിൽ പരാജയത്തിന് അടുത്തുവരെ എത്തിയ ഇന്ത്യയെ ജയത്തിന് അരികിലെത്തിച്ച താരമാണ് മൊഹമ്മദ് സിറാജ്. ഇന്ന് അദ്ദേഹത്തെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം.ഏതൊരു ക്യാപ്റ്റനും സിറാജിനെ പോലെ ഒരു താരത്തെ ആഗ്രഹിക്കുമെന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ആദ്യ കാലങ്ങളിൽ സിറാജിനെ ചെണ്ട എന്ന് വിളിച്ച് കളിയാക്കിയ അതേ ആരാധകർ ഇന്ന് അദ്ദേഹത്തെ പ്രശംസിക്കുകയാണ്. അതേസമയം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊന്നുകൂടിയുണ്ട് സിറാജിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈൽ വിജയാഘോഷം.ഓവലിൽ നടന്ന അവസാന ദിനത്തിൽ മുഹമ്മദ് സിറാജ് തന്റെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തു. ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം എന്ന നാഴികക്കല്ലും അദ്ദേഹം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിലെ അവസാന വിക്കറ്റിന് ശേഷം സിറാജ് ഫുട്ബോൾ ഇതിഹാസം റൊണാൾഡോ സ്റ്റൈലിൽ വിജയാഘോഷം നടത്തുകയും ചെയ്‌തു.എനിക്ക് (മുഹമ്മദ് സിറാജ്) ഇപ്പോഴും അത്ഭുതമാണ്, കാരണം ആദ്യ ദിവസം മുതൽ ഇതുവരെ ഞങ്ങൾ കഠിനമായി പോരാടി’ എന്നാണ് മൊഹമ്മദ് സിറാജ് മത്സര ശേഷം പറഞ്ഞത്. ‘സ്ഥിരതയോടെ മുന്നേറുകയും സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ പദ്ധതി. അവിടെ നിന്നുള്ളതെല്ലാം ഒരു ബോണസ് ആയിരുന്നു. ഇന്ന് ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതി. ‘വിശ്വസിക്കുക’ എന്ന് എഴുതിയ ഒരു ചിത്രം ഞാൻ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തു’ എന്നും മത്സരശേഷം സിറാജ് പറഞ്ഞു.വിശ്വസിക്കുക എന്ന ഒറ്റ വാക്ക് തന്നിൽ പിന്നീട് വലിയ ഊർജമാണ് നൽകിയത് എന്നും സിറാജ് പറഞ്ഞു. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പലപ്പോഴും ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘നിങ്ങൾ മികച്ചവനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് കഴിയുന്നതെല്ലാം ഒരിക്കലും നേടാനാവില്ല’ എന്ന് റോണോ ഒരിക്കൽ പറഞ്ഞിരുന്നു.റോണോയുടെ ആ വാക്കുകൾ സിറാജിന് പ്രചോദനം നൽകി. അതുകൊണ്ട് തന്നിൽ വിശ്വസിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്ന് സിറാജ് ഉറപ്പിച്ചു. ആ വിശ്വാസം അദ്ദേഹം അവസാന വിക്കറ്റ് വീഴ്ത്തുന്നതുവരെ നിലനിർത്തി. ഇതേ തുടർന്നാണ് അവസാന വിക്കറ്റ് ആഘോഷം റോണോ സ്റ്റൈൽ ആഘോഷമായി മാറാൻ കണാരണമായത്.ഇന്നിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റൈലിലെ അദ്ദേഹത്തിന്റെ വിജയാഘോഷം കണ്ട വസീം ജാഫർ സിറാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ലാസ്റ്റ് മാൻ സ്റ്റാൻഡിങ്. എനിക്ക് സിറാജാണ് യഥാർത്ഥ മാൻ ഓഫ് ദ സീരീസ്. അഞ്ച് ടെസ്റ്റുകളും ഒരേ തീവ്രതയോടെ കളിച്ച ഒരേയൊരു ഫാസ്റ്റ് ബൗളർ’ എന്നാണ് ജാഫർ തന്റെ സോഷ്യൽ മീഡിയയിൽ എഴുതിയത്.