എംപിയുടെ മാല കവർന്നു
ഡൽഹിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള എംപി സുധാ രാമകൃഷ്ണന്റെ കഴുത്തിൽ നിന്നും നാല് പവൻ സ്വർണമാല കവർന്നു.
മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ എതിരെ വന്ന ആളാണ് മാല പൊട്ടിച്ചെടുത്തത്.
മാല പൊട്ടിച്ചെടുക്കുന്നതിനിടയിൽ എംപിക്ക് പരിക്കേറ്റു.
പോലീസിലും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡൽഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധ കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തന്റെ സ്വർണ്ണമാല കവർന്നെന്നും സംഭവത്തിൽ തനിക്ക് പരിക്കേറ്റെന്നും കത്തിൽ അവർ വ്യക്തമാക്കി.