തേനീച്ചകളില്‍ ബ്രെയിന്‍ കണ്‍ട്രോളര്‍ ഘടിപ്പിക്കാനൊരുങ്ങി ഗവേഷകര്‍

Spread the love

ആധുനിക സൈബോര്‍ഗുകളാക്കി തേനീച്ചകളെ മാറ്റുക എന്ന ലക്ഷ്യത്തിൽ തേനീച്ചകളുടെ തലച്ചോറില്‍ ചെറിയ കണ്‍ട്രോളറുകള്‍ ഘടിപ്പിച്ച് അവയുടെ പറക്കലടക്കം നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങളുമായി ശാസ്ത്രജ്ഞര്‍. തേനീച്ചകളെ സൈബോര്‍ഗുകളാക്കി മാറ്റിയാല്‍ അവയെ രഹസ്യ സൈനിക നീക്കങ്ങള്‍ക്കോ, മനുഷ്യര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലെ ദൗത്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഇവർ കരുതുന്നത്.ഷഡ്പദങ്ങളെ അടിസ്ഥാനമാക്കിയുള്ള റോബോട്ടുകള്‍ക്ക് മികച്ച ചലനശേഷി, മറഞ്ഞിരിക്കാനുള്ള കഴിവുകള്‍, പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷി എന്നിവ ലഭിക്കുമെന്ന് മൈന്‍ഡ്-കണ്‍ട്രോളര്‍ നിര്‍മ്മിച്ച പ്രൊഫസര്‍ ഷാവോ ജിയേലിയാങ് പറയുന്നു. കൃത്രിമ ബദലുകളെ അപേക്ഷിച്ച് അവ മെച്ചപ്പെട്ട നിരീക്ഷണവും ദീര്‍ഘനേരത്തെ പ്രവര്‍ത്തന ശേഷിയും പ്രകടിപ്പിക്കുന്നു. ഈ സവിശേഷതകള്‍ ഭീകരവിരുദ്ധ നീക്കം, മയക്കുമരുന്ന് കടത്ത് തടയല്‍ തുടങ്ങിയവയ്ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രഹസ്യ നിരീക്ഷണത്തിനും അവയെ അനുയോജ്യമാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.തേനീച്ചകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബ്രെയിന്‍ കണ്‍ട്രോളര്‍ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. ഈ ഉപകരണം തേനീച്ചയുടെ പുറത്ത് കെട്ടിവെക്കുകയും മൂന്ന് സൂചികള്‍ ഉപയോഗിച്ച് അതിന്റെ തലച്ചോറില്‍ തുളച്ചുകയറ്റുകയും ചെയ്യുന്നു. പറക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനായി അത് ഇലക്ട്രോണിക് പള്‍സുകള്‍ ഉപയോഗിച്ച് മിഥ്യാബോധം സൃഷ്ടിക്കും. ഇടത്തേക്ക് തിരിയുക, വലത്തേക്ക് തിരിയുക, മുന്നോട്ട് പോകുക, പിന്നോട്ട് പോകുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ 10 തവണ നല്‍കിയപ്പോള്‍ ഒന്‍പത് തവണയും തേനീച്ച അനുസരിച്ചുവെന്ന് ഗവേഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *