ഇറാൻ്റെ ശക്തികേന്ദ്രം: ഐആർജിസി എന്ന സൈനിക പ്രതിഭാസം
ഇറാനിൽ കരസേന, വ്യോമസേന, നാവികസേന എന്നിങ്ങനെ നിരവധി സൈനിക വിഭാഗങ്ങളുണ്ട്. എന്നാൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് ഇറാനിലെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ സേന. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബങ്കറിലേക്ക് മാറും മുൻപ് അധികാരം ഐആർജിസിക്ക് കൈമാറിയത് അവരുടെ ശക്തിയുടെ തെളിവാണ്.ഐആർജിസി ഇറാനിലെ സാധാരണ സൈനിക വിഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്ക് സ്വന്തമായി കരസേന, നാവികസേന, വ്യോമസേന, രഹസ്യാന്വേഷണ വിഭാഗം എന്നിവയുണ്ട്. സാധാരണ സൈനിക വിഭാഗങ്ങൾ ഇറാനിയൻ പ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, ഐആർജിസി നേരിട്ട് രാജ്യത്തെ പരമോന്നത നേതാവിനാണ് റിപ്പോർട്ട് ചെയ്യുന്നത്.1979-ലെ ഇറാനിയൻ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം, പുതുതായി അധികാരത്തിലെത്തിയ ഭരണകൂടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐആർജിസി രൂപീകൃതമായത്. നിലവിൽ ഒന്നര ലക്ഷത്തോളം അംഗങ്ങൾ ഈ സേനയിലുണ്ട്. ബാസിജ് എന്ന പാരാമിലിറ്ററി വിഭാഗവും ഐആർജിസിയുടെ ഭാഗമാണ്.ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഐആർജിസി സജീവമായി പങ്കെടുത്തിരുന്നു. ഈ സമയത്താണ് അവരുടെ സേനാഘടനയിൽ വലിയ പരിഷ്കാരങ്ങൾ വരുത്തിയത്. ഇറാനു പുറത്തും ഐആർജിസിക്ക് കാര്യമായ സ്വാധീനമുണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധങ്ങളിൽ അവർ ഇടപെടലുകൾ നടത്തിയിരുന്നു.പരമോന്നത നേതാവിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനാൽ, ഇറാനിലെ ഉന്നത സർക്കാർ നേതൃത്വവുമായി ഐആർജിസിക്ക് അടുത്ത ബന്ധമുണ്ട്. അത്യാധുനിക ആയുധങ്ങളും അവരുടെ കൈവശമുണ്ട്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരത്തിന്റെ നിയന്ത്രണം ഐആർജിസിയുടെ കീഴിലാണ്.