വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നു; ചരിത്രത്തിൽ ഇത് ആദ്യം

Spread the love

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. ഇത്തവണ പ്രത്യേകതകൾ ഏറെയാണ്. കാരണം പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്. എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025 – 26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേയ്ക്ക് ക്ഷണിക്കുകയാണ്.
പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണക്കത്ത് ഭദ്രാ ഹരിക്ക് കൈമാറും.

പൊതുവിദ്യാഭ്യാസ വകുപ്പിൽ ജില്ലകളിലും ഡയറക്ടറേറ്റിലുമായി ആകെ 23 വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികകൾ ആണ് നിലവിലുള്ളത്. രണ്ടായിരത്തി ഇരുപത്തിയഞ്ച് വർഷത്തിൽ നാളിതുവരെ നിലവിൽ വന്നഎല്ലാ ഒഴിവുകളിലേയ്ക്കും സ്ഥാനക്കയറ്റം/സ്ഥലംമാറ്റം മുഖേന ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. വകുപ്പിൽ ആകെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികയാണ് നിലവിലുള്ളത് അതിൽ 30 തസ്തികകൾ വകുപ്പിലെ ഫീഡർ കാറ്റഗറിയിൽ നിന്നും പ്രൊമോഷൻ മുഖേന നിയമനം നടത്തുന്നു. ഈ 30 തസ്തികയിൽ വിരമിക്കൽ, വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികയിലേയ്ക്കുള്ള പ്രൊമോഷൻ എന്നിവ മൂലം 13 ഒഴിവുകൾ നിലവിലുണ്ട്. ഈ ഒഴിവിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സെലക്റ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി ചേർന്നു.ഈ കാലയളവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതെയിരിക്കുവാൻ ഒഴിവുകൾ നിലനിൽക്കുന്ന എല്ലാ ഓഫീസുകളിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അധിക ചുമതല നൽകിയിട്ടുണ്ട്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ പ്രഥമാധ്യാപകർ തസ്തികയിൽ നിലവിലുള്ള ഇരുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് ഒഴിവുകളിലേയ്ക്ക് സ്‌കൂൾ തുറക്കുന്ന ജൂൺ രണ്ടാം തീയതിയിൽ എല്ലാ വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുടെ സേവനം ഉറപ്പാക്കുന്ന വിധത്തിൽ സ്ഥലംമാറ്റ/ സ്ഥാനക്കയറ്റ നടപടികൾ പൂർത്തീകരിക്കുന്നതാണ്.സംസ്ഥാനത്തെ 14 ഡയറ്റുകളിലേയ്ക്കും പ്രിൻസിപ്പൽമാരെ നിയോഗിക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചിട്ടുണ്ട്.വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡയറ്റ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനു വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി കൂടുന്നത്.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസർ, എ.പി.എഫ്.ഒ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്കുള്ള സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

പി.എ ടു ഡി.ഇ.ഒ തസ്തികയിലേയ്ക്കുള്ള സ്ഥാനക്കയറ്റം/സ്ഥലംമാറ്റം നടപടികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. സീനിയർ സൂപ്രണ്ട് തസ്തികയിൽ നിലവിലുള്ള 28 ഒഴിവിലേയ്ക്കുള്ള സ്ഥലംമാറ്റവും 16 ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റവും ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ജൂനിയർ സൂപ്രണ്ടുമാരുടെ 25 പേരുടെ സ്ഥലംമാറ്റവും 15 പേരുടെ സ്ഥാനക്കയറ്റവും നടപടി പൂർത്തിയായി. ജില്ലകളിൽ ക്ലർക്ക് തസ്തികകളിൽ ആകെ നാന്നൂറ്റി ഇരുപത്തിയഞ്ച് സ്ഥലംമാറ്റങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഈ അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ രണ്ടാം തീയതിയിൽ തന്നെ എല്ലാ വിഭാഗം അധ്യാപകരും വിദ്യാലയങ്ങളിൽ ജോലിയിൽപ്രവേശിക്കുന്ന വിധത്തിൽ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പി.ഡി. ടീച്ചർമാരുടെ മൂവായിരത്തി ഇരുന്നൂറ്റി പതിനാറ് സ്ഥലംമാറ്റങ്ങളും ഹൈസ്‌കൂൾ അധ്യാപകരുടെ ആയിരത്തി നാന്നൂറ്റി അമ്പത്തി രണ്ട് സ്ഥലംമാറ്റങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ രണ്ടായിരത്തി ഇരുപത്തിയഞ്ച് വർഷത്തെ ഓൺലൈൻ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റത്തിന്റെ കരട് ലിസ്റ്റ് മെയ് 20 ന് പ്രസിദ്ധീകരിക്കുകയും ആയതിന്മേലുള്ള പരാതികൾ പരിഹരിച്ച് മെയ് 29-നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറിലെ ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ മെയ് 25ന് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ പ്രക്രിയയുടെ വിശദാംശങ്ങൾ ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ. ഡോട്ട് ഡി എച്ച് എസ് ഇ ട്രാൻസ്ഫർ ഡോട്ട് കേരള ഡോട്ട് കേരള ഡോട്ട് ജി ഒ വി ഇൻ പോർട്ടലിൽ ലഭ്യമാണ് .

എണ്ണായിരത്തി ഇരുന്നൂറ്റി രണ്ട് അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്. ഇതിൽ നാലായിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പത് അധ്യാപകർക്ക് മറ്റു സ്‌കുളുകളിലേക്കും മൂവായിരത്തി ഇരുന്നൂറ്റി മൂന്ന് അധ്യാപകർക്ക് അവർ ജോലി ചെയ്യുന്ന സ്‌കൂളുകളിലും സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ട്.റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ മുഖേന ഉണ്ടായ ഒഴിവിലെ നിയമനംഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ വിരമിക്കൽ മുഖേന ഉണ്ടായ ഒഴിവിലേക്ക് അധ്യയന വർഷം ആരംഭത്തിന് മുൻപ് തന്നെ നിയമനം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *