മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച സജി ചെറിയാന് ഇന്ന് നിര്‍ണായക ദിനം

Spread the love

 ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി വിവാദമായതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച സജി ചെറിയാന് ഇന്ന് നിര്‍ണായക ദിനം. മന്ത്രിസഭയിലേക്കുളള സജി ചെറിയാന്റെ മടങ്ങിവരവിലും സത്യപ്രതിജ്ഞയിലും ഇന്ന് തീരുമാനമുണ്ടായേക്കും. വിഷയത്തില്‍ നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അന്തിമ തീരുമാനം അറിയിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത.  മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണമെന്നും, സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വിശദീകരണം തേടിയാല്‍ നാളെ തന്നെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥിരീകരിച്ചിരുന്നു. സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *