കൊച്ചി ആർമി ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താമസക്കാർ

Spread the love

കൊച്ചിയിലെ ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫ്ലാറ്റിലെ താമസക്കാർ. കരസേനയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ വരാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

വൈറ്റില ചന്ദർകുഞ്ച് ആർമി ഫ്ലാറ്റ് നിർമാണത്തിലെ അഴിമതിയിൽ നിയമ പോരാട്ടത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന റിട്ട. കേണൽ സിബി ജോർജ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കരസേനയുമായി ബന്ധപ്പെട്ട വിഷയമായ സാഹചര്യത്തിലും പ്രതിസ്ഥാനത്ത് ഉള്ളവർ രാജ്യത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ളവരായതിനാലുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കേണൽ സിബി ജോർജ് പറഞ്ഞു.

ആർമി ഫ്ലാറ്റ് അഴിമതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഫൻസ് സെക്രട്ടറിക്ക് കേണൽ സിബി ജോർജ് നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഒന്നുമുണ്ടായില്ല. ഡിഫൻസ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ എന്തു നടപടിയുണ്ടായി എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.

നിർമാണത്തിലെ അപാകത മൂലം അപകടാവസ്ഥയിലായ ആർമി ഫാറ്റ് സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ച് നീക്കി പുതിയവ നിർമ്മിക്കാൻ ഫെബ്രുവരി രണ്ടിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനായി എറണാകുളം ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ പ്രത്യേക സമിതിയും രൂപീകരിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധരുടെ പരിശോധന ഉൾപ്പെടെ നിലവിൽ കഴിഞ്ഞിട്ടുണ്ട്. ഫ്ലാറ്റ് ഉടമകളെ മാറ്റി താമസിപ്പിച്ച് ഫ്ലാറ്റ് പൊളിക്കാനുള്ള ശ്രമങ്ങളും വേഗത്തിൽ നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *