ഗവർണറുടെ നിലപാട് അഴിമതിക്കെതിരെ; ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്: വി. മുരളീധരൻ
തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, സർവകലാശാലയുടെ അധികാരങ്ങളിൽ കൈകടത്തുന്ന ബിൽ എന്നിങ്ങനെയുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കാത്തത് ഗവർണറുടെ നിലപാടാണെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത്പറഞ്ഞു. ബന്ധു നിയമനവും സ്വജനപക്ഷപാതവും നിർബാധം നടത്താൻ പറ്റുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. എന്നാൽ കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. ഭരണഘടനാപരമായി ഗവർണർക്ക് എതിരെ സർക്കാരിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ ആകില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു. എൽഡിഎഫ് സർക്കാർ പലവിഷയങ്ങളിലുംസുപ്രീംകോടതിയിൽ പോയി കോടികൾ ചിലവഴിക്കുന്നത് പല തവണ കണ്ടതാണ്. ജനത്തിൻ്റെ നികുതി പണം ധൂർത്ത് അടിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.