കോഴിക്കോട് തീപിടിത്തം: ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

Spread the love

കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തം, ചീഫ് സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ്, ഫയർ ഫോഴ്സ് വിഭാഗത്തിൻ്റെ പ്രാഥമിക കണ്ടെത്തൽ. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും അടച്ചിട്ട കടകൾ തുറക്കുന്നതിൽ തീരുമാനം എടുക്കുക.

വിവിധ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. 2 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനായിരുന്നു ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. തീപിടിത്തത്തിൽ ദുരൂഹയില്ലെന്നും ഷോർട്ട് സർക്യൂട്ടാവാമെന്നുമാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും ഈ നി​ഗമനത്തിലാണ് എത്തിയിരിക്കുന്നത്.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ പരിശോധന ഇന്നും തുടരും. തീപിടിത്തം ഉണ്ടായ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ 36 കടകൾ പ്രവർത്തിച്ചിരുന്നു. ഇത് തുറക്കുന്ന കാര്യത്തിൽ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനം എടുക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.

നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പും പുരോഗമിക്കുകയാണ്. വസ്ത്ര വ്യാപാരശാലയുടെ പാർട്ണർമാർ തമ്മിൽ രണ്ടാഴ്ച മുൻപ് തർക്കം ഉണ്ടായിരുന്നു. ഇക്കാര്യവും തീപിടിത്തത്തിൽ കേസെടുത്ത കസബ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *