ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി; സംസ്കാരം നാല് മണിക്ക്
ആലുവയിലെ മൂന്ന് വയസുകാരിയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അല്‍പ്പസമയത്തിനകം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.
കുഞ്ഞിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് 4ന് സംസ്കരിക്കും.തിരുവാണിയൂർ പൊതുശ്മശാനത്തിലാകും സംസ്കാരം നടക്കുക. കുട്ടിയുടെ അച്ഛൻ്റെ വീട്ടുകാർ ആയിരിക്കും മൃതദേഹം ഏറ്റെടുക്കുക.അതേസമയം കുഞ്ഞിൻ്റെ അമ്മ സന്ധ്യക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. പിന്നീട് അവിടെനിന്ന് ആലുവയിലെ അമ്മവീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ആലുവയില്‍ എത്തിയപ്പോള്‍ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് സ്കൂബ ടീം അടക്കം നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഒരു മാസം മുമ്പ് സന്ധ്യയെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെന്നും സന്ധ്യക്ക് മാനസിക വളർച്ച കുറവാണെന്ന് ഡോക്ടർ പറഞ്ഞിരുന്നുവെന്നും അമ്മ അല്ലി പ്രതികരിച്ചു. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു. കുട്ടികൾ സന്ധ്യക്കൊപ്പം വരാറില്ലായിരുന്നു. ഇന്നലെ രാത്രി ഏഴുമണിക്ക് സന്ധ്യ ഒറ്റയ്ക്കാണ് വന്നത്. കുട്ടി എവിടെ എന്ന് ചോദ്യത്തിന് മറുപടി പറഞ്ഞില്ല. തലകുനിച്ച് ഇരുന്നതേയുള്ളൂ.- എന്നായിരുന്നു അല്ലിയുടെ പ്രതികരണം.