‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

Spread the love

കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ടെന്ന് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ ലിയോ പതിനാലാമൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടുള്ള വിയോജിപ്പാണിത്. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്.

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മറ്റുരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാണ്. കുടിയേറ്റക്കാരുടെ പിൻഗാമി, പിന്നീട് പ്രവാസം തിരഞ്ഞെടുത്തവൻ” -അദ്ദേഹം പറഞ്ഞു.

സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധമാണ് സമൂഹത്തിന്റെ അടിത്തറയെന്ന സഭയുടെ പരമ്പരാഗത അനുശാസനം ലിയോ പതിനാലാമൻ മാർപാപ്പയും ആവർത്തിച്ചു. യുഎസിലെ ഷിക്കാഗോയിൽ ജനിച്ച ലിയോ പതിനാലാമന്റെ പൂർവികർ കരീബിയൻ രാജ്യങ്ങളായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലോ ഹെയ്തിയിലോ ഉള്ളവരാണെന്നാണ് കരുതുന്നത്.

സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്‍റെ കല്ലറയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വിശുദ്ധകുര്‍ബാനയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ മുഖ്യകാര്‍മികനാകും. ആദ്യ പാപ്പായായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്‍റെ മോതിരവും ഇടയന്‍മാരുടെ ഓര്‍മപ്പെടുത്തലോടെ കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. പോപ്പ് മൊബീലിലൂടെയെത്തി പാപ്പാ വിശ്വാസികളെ ആശീര്‍വദിക്കുകയും കുര്‍ബാനയ്ക്കിടെ പ്രഭാഷണം നടത്തുകയും ചെയ്യും. വിവിധരാജ്യങ്ങളുടെ ഭരണാധികാരികളടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷികളാകാനെത്തും.

Leave a Reply

Your email address will not be published. Required fields are marked *