ബെംഗളൂരു നഗരത്തില്‍ പുലി ഇറങ്ങി

Spread the love

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പുലി ഇറങ്ങി. ഇന്ന് പുലര്‍ച്ചെ കുട്‌ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും നിര്‍ദ്ദേശിച്ചു. കുട്‌ലു ഗേറ്റിന് അടുത്തായി ഹൊസൂര്‍ റോഡില്‍ പുലിയെ കുടുക്കാന്‍ രണ്ട് കെണികള്‍ വനം വകുപ്പ് സ്ഥാപിച്ചു. പകല്‍ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തെക്കന്‍ ബെംഗളൂരുവിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയായ കുട്‌ലു ഗേറ്റിലെ ഐടി പാര്‍ക്കിന് മുന്നിലെ റോഡിലാണ് പുലിയെ കണ്ടത്.ശനിയാഴ്ച രാത്രി വൈറ്റ് ഫീല്‍ഡിലും ഇലക്ട്രോണിക് സിറ്റിയിലും പുലിയെ കണ്ടെന്ന പേരില്‍ ഒരു ദൃശ്യം പ്രചരിച്ചിരുന്നു. എന്നാലിത് ബൊമ്മനഹള്ളിക്ക് അടുത്തുള്ള സിംഗസാന്ദ്രയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ നിന്നാണെന്ന് വ്യക്തമായി.പുലിയെ കണ്ട മേഖലകള്‍ക്ക് തൊട്ടടുത്താണ് ബെന്നാര്‍ഘട്ട വന്യജീവിസംരക്ഷണ കേന്ദ്രം. ഇവിടെ നിന്ന് പുറത്ത് ചാടിയ പുലിയാകാം നഗരത്തില്‍ കറങ്ങി നടക്കുന്നത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. രാത്രിയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും കൊച്ചുകുട്ടികളെ പകലും ഒറ്റയ്ക്ക് പുറത്തുവിടരുതെന്നും വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐടി സ്ഥാപനങ്ങളും നിരവധി വീടുകളും ഉള്ള മേഖലയിലാണ് പുലിയെ കണ്ടത് എന്നതിനാല്‍, എത്രയും പെട്ടെന്ന് പുലിയെ പിടികൂടി തിരികെ വനത്തിലേക്ക് തുറന്നുവിടാനുള്ള ശ്രമം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *