ജൂനിയർ അഭിഭാഷകയ്ക്ക് നേരെയുണ്ടായ ക്രൂര മർദനം; കാരണം സഹപ്രവർത്തകയുമായുള്ള വാക്ക് തർക്കം
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് നേരെയുണ്ടായ ക്രൂര മർദനത്തിന് കാരണം സഹപ്രവർത്തകയുമായുള്ള വാക്ക് തർക്കമെന്ന് പോലീസ്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സഹപ്രവർത്തകയെ പറഞ്ഞു വിലക്കണമെന്ന് ശ്യാമിലി സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ബെയ്ലിൻ്റെ മുന്നിൽവച്ച് സഹപ്രവർത്തകയെ ശ്യാമിലി പറഞ്ഞു വിലക്കിയതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിൽ ഉള്ളത്. സംഭവത്തിൽ ബെയ്‌ലിൻ ദാസിനെ ഉടനെ പിടികൂടാനാണ് പോലീസ് നീക്കം.
ഭാരതീയ ന്യായ സംഹിത 126(2), 74, 115(2) വകുപ്പുകൾ ചേർത്താണ് ബെയ്‌ലിൻ ദാസിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം, മര്‍ദനത്തില്‍ മുഖത്ത് ഗുരുതര പരിക്കെറ്റ ശ്യാമിലി ഇന്ന് മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സ തേടും.
ജൂനിയർ അഭിഭാഷകകക്ക് മർദനമേറ്റ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.