കൊച്ചി വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ; യാത്രക്കാർ നേരത്തെ എത്തണമെന്ന് നിർദേശം
കൊച്ചി വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നതായി സിയാൽ. പരിശോധന സമയം കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ എത്തണം എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രക്കാർ 3 മണിക്കൂർ മുൻപും രാജ്യാന്തര യാത്രക്കാർ 5 മണിക്കൂർ മുൻപും വിമാനത്താവളത്തിലെത്തണമെന്നും സിയാൽ അറിയിച്ചു. ഇന്ത്യ – പാക് സംഘർഷത്തിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങൾ എല്ലാം അടച്ചിട്ടതായി അടക്കം വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികളാണ് യാത്രക്കാര്‍ക്കുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ശക്തമാക്കാൻ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇന്‍, ബോര്‍ഡിങ് എന്നിവ ഉറപ്പാക്കാനാണ് വിമാനക്കമ്പനികള്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനത്താവളങ്ങളുടെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിമാനങ്ങള്‍ക്കും സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെയും അവരുടെ ഹാന്‍ഡ് ബാഗേജും വീണ്ടും പരിശോധിക്കുന്ന രീതിയാണിത്. പ്രാഥമിക സുരക്ഷാ പരിശോധനകള്‍ക്ക് പുറമേയാണിത്.
പ്രചരിക്കുന്നത് വ്യാജ വാർത്തകളും വീഡിയോകളും: ജാഗ്രത വേണമെന്ന് നിർദേശം
ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ മാധ്യമങ്ങളും, സാമൂഹികമാധ്യമങ്ങളും വഴി വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്നും തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന നിർദേശവുമായി പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ. സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിക്കുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളെ പറ്റി പരിശോധിച്ചു വരികയാണെന്നും ഇവയെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ടെന്നും പിഐബി അറിയിച്ചു.
ഇത്തരത്തിൽ വരുന്ന വ്യാജ വാർത്തകളെ പറ്റി നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു. ഇന്ത്യയിൽ നടന്ന ആക്രമണമെന്ന് പറഞ്ഞ് പ്രചരിച്ച ഏഴ് വീഡിയോകൾ തെറ്റാണെന്നും അറിയിച്ചിട്ടുണ്ട്.
ജലന്ധറിൽ നടന്ന ഡ്രോൺ ആക്രമണമെന്ന പേരിൽ പ്രചരിച്ച വീഡിയോ യഥാർഥത്തിൽ ഒരു കൃഷിയിടത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങളായിരുന്നു. ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ ആക്രമിച്ചുവെന്ന് പറഞ്ഞും ഒരു വീഡിയേ പ്രചരിച്ചിരുന്നു “20 രാജ് ബറ്റാലിയൻ” എന്ന പോസ്റ്റാണ് ആക്രമിച്ചത് എന്നായിരുന്നു പ്രചരണം എന്നാൽ അങ്ങനെ ഒരു യുണിറ്റേ ഇല്ലാത്തതിനാൽ ആ അവകാശവാദവും തെറ്റായിരുന്നു.
ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോ 2020ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിന്റേതായിരുന്നു.
ജമ്മു കശ്മീരിലെ രജൗറിയിൽ ചാവേറാക്രമണം നടന്നു എന്ന് പ്രചരിച്ച വാർത്തയും അസത്യമായിരുന്നു. ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു എന്ന വാർത്തയും വ്യാജമായിരുന്നു.
ഇത്തരത്തിൽ ജനങ്ങളെ ഭയത്തിന്റെ മുൾമുനയിലേക്ക് എത്തിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം വ്യാജ വാർത്താ നിർമിതിയുടെ ലക്ഷ്യം തെറ്റിദ്ധാരണ പരത്താനും ഭയപ്പെടുത്താനുമാണ് അതിനാൽ ഇത്തരം വാർത്തകൾക്കെതിരെ ജാഗരൂകരായിരിക്കുക.