ധരംശാലയിലെ ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു
ധരംശാലയില്‍ ഇപ്പോള്‍ നടന്നുവന്നിരുന്ന ഐപിഎല്‍ മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ പാക് പ്രകോപനം ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി. കാണികള്‍ ഉടൻ സ്റ്റേഡിയം വിട്ടുപോകണമെന്നാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം അടുത്ത ദിവസം നടക്കാനിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ വേദി മാറ്റി. അഹമ്മദാബാദിലേക്കാണ് മത്സരവേദി മാറ്റിയത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്ത് പലയിടത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെയാണ് മത്സരവേദി മാറ്റിയത്. മെയ് 11നാണ് മത്സരം.
മത്സരം നടത്താൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ (ജിസിഎ) ബിസിസിഐ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സര വേദി മാറ്റുന്നതില്‍ അന്തിമ തീരുമാനമായത്.
ഇന്ന് നടക്കുന്ന ഡൽഹി – പഞ്ചാബ് മത്സരമാണ് ധരംശാലയില്‍വെച്ച് നടക്കുന്ന ഈ സീസണിലെ അവസാന മത്സരം. നിലവിലെ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തില്‍ ഇനി ഇവിടെവെച്ച് മത്സരം നടത്തേണ്ടതില്ലെന്നാണ് തീരുമാനം.