ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ പൂർത്തിയായി; അതീവ സുരക്ഷയിൽ അതിർത്തി മേഖല
അടിയന്തര സാഹചര്യങ്ങളെ നേരിടാനായി പ്രത്യേക ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ സംഘടിപ്പിച്ച് സുരക്ഷാ സേന. ദില്ലിയിൽ അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ സംഘടിപ്പിച്ചത്. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും മോക്ക് ഡ്രിൽ നടത്തി. നഗരപ്രദേശങ്ങളിലും വീടുകളിലും വൈദ്യുതി വിച്ഛേദിച്ചായിരുന്നു മോക്ഡ്രിൽ. രാഷ്ട്രപതി ഭവൻ അടക്കം അതീവ സുരക്ഷാ കേന്ദ്രങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി.
രാത്രികാലങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ വിവിധ സേന വിഭാഗങ്ങൾ വിശദീകരിച്ചു. രാജസ്ഥാൻ ഹിമാചൽ പ്രദേശ് പഞ്ചാബ് ഹരിയാന തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ നടന്നു. അതേസമയം അതിർത്തിയിൽ സൈന്യം കടുത്ത ജാഗ്രത തുടരുകയാണ്. പാക് പ്രകോപനത്തിനെതിരെ തിരിച്ചടിക്കാൻ പൂർണ അനുമതി നൽകി കരസേന മേധാവി സൈന്യത്തിന് നൽകിയതായും പുതുതായി വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാജ്യത്താകെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം 259 കേന്ദ്രങ്ങളിലാണ് വൈകുന്നേരം സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ 126 ഇടങ്ങളിലായിരുന്നു മോക്‌ഡ്രിൽ. വൈകിട്ട് നാലുമണിക്ക് 30 സെക്കൻഡ് ദൈർഘ്യമുള്ള അപകട സൈറൺ മൂന്നുതവണ തുടർച്ചയായി മുഴങ്ങിയതോടെ മോക്‌ഡ്രിൽ ആരംഭിച്ചു.
തിരുവനന്തപുരത്ത് ലുലു മാൾ വികാസ് ഭവൻ കോർപ്പറേഷൻ ഉൾപ്പെടെ 11 ഇടങ്ങളിൽ മോക്‌ഡ്രിൽ നടന്നു. തീപിടുത്തം ഉണ്ടായാൽ എങ്ങനെ നേരിടാം എന്നതായിരുന്നു തിരുവനന്തപുരം ലുലു മാളിൽ ആവിഷ്കരിച്ചത്. സംസ്ഥാന വ്യാപകമായി 4.02 മുതൽ 4.29 വരെ 126 കേന്ദ്രങ്ങളിലായിരുന്നു മോക്‌ഡ്രിൽ. ഇന്ത്യ പാക്ക് യുദ്ധസാധ്യത സാഹചര്യത്തിൽ ആക്രമണം ഉണ്ടായാൽ എങ്ങനെ നേരിടാമെന്ന് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം.