മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ഇന്ന് ആരംഭിക്കും

Spread the love

തിരുവനന്തപുരം മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ഇന്ന് മുതൽ ആരംഭിക്കും. ഇതിന്റെ ട്രയൽറൺ കഴിഞ്ഞദിവസം നടത്തിയിരുന്നു. ഡ്രഡ്ജിങ്ങിന്റെ ഭാഗമായി സ്ഥലത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.


കണ്ണൂർ അഴീക്കൽ ഹാർബറിൽ നിന്നെത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജറിന് സാങ്കേതിക തകരാറായതിനാൽ മണൽ നീക്കം വൈകിയിരുന്നു. എൻജിനിലെയും ഹൈഡ്രോളിക് പൈപ്പുകളുടെയും സാങ്കേതിക തകരാർ വിദഗ്ധ സംഘമെത്തി പരിഹരിച്ചതിന് പിന്നാലെയാണ് ഇന്ന് മുതൽ മണൽ നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിക്കുന്നത്. ഇതിന്റ ഭാഗമായി കഴിഞ്ഞ ദിവസമാണ് ചന്ദ്രഗിരി ഡ്രഡ്ജർ പൊഴി മുറിച്ച ഭാഗത്ത് എത്തിച്ചത്. ശേഷം, ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കുന്നതിനുള്ള ട്രയൽ റൺ നടത്തിയിരുന്നു.

നിലവിൽ ചേറ്റുവ ഹാർബറിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കവും തുടരുകയാണ്. അഴിമുഖത്ത് അഞ്ച് മീറ്റർ ആഴമാണ് ഉറപ്പാക്കുന്നത്. ഇത് വഴി വലിയ താങ്ങു വള്ളങ്ങൾക്കടക്കം സഞ്ചാരം സുഗമമാക്കും. അഴിമുഖത്ത് നിന്ന് നീക്കം ചെയ്യുന്ന മണൽ താഴമ്പള്ളി ഭാഗത്താണ് നിക്ഷേപിക്കുക. ഡ്രഡ്ജിങ്ങിന്റെ ഭാഗമായി സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. താഴമ്പള്ളി ഭാഗത്തുനിന്ന് മുതലപ്പൊഴിയിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *