കളമശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി ഡൊമനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി
കൊച്ചി. കളമശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി ഡൊമനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പോലീസ്. ഒപ്പം കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്‌ഫോടനം എന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.ജനങ്ങളെ ഭയപ്പെടുത്താനും കൊലപ്പെടുത്താനുമാണ് സ്‌ഫോടനം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടനം തീവ്രവാദ സ്വഭാവത്തോടെയാണെന്നും ഒരു പ്രത്യേക സമൂഹത്തിനെതിരെയാണ് ആക്രമമെന്നും എഫ്‌ഐആറില്‍ പറയുന്നു.അതേസമയം കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു കുമാരി. ഇവര്‍ക്ക് 90 ശതമാനവം പൊള്ളലേറ്റിരുന്നു.ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കളമശേരി മെഡിക്കല്‍ കോളേജില്‍ 20 പേരെയാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. സ്‌ഫോടനത്തില്‍ 52 പേര്‍ക്കാണ് പൊള്ളലേറ്റത്. നിലവില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയും വെന്റിലേറ്ററിലാണ്.