കൈക്കൂലി കേസ്: അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നക്ക് സസ്പെൻഷൻ

Spread the love

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നക്ക് സസ്പെൻഷൻ. കൊച്ചി മേയറുടെ നിർദേശ പ്രകാരമാണ് നടപടി. ബുധനാഴ്ച വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന വിജിലൻസ് പിടിയിലായത്. ഇവരെ തൃശൂർ വിജിലൻസ് കോടതി വ്യാഴാഴ്ച റിമാൻഡ് ചെയ്തിരുന്നു.

കൊച്ചി കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടർ ആയ എ സ്വപ്നയെ ബുധനാഴ്ച വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്. കൊച്ചി മേയർ എം അനിൽ കുമാർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കോർപ്പറേഷൻ സസ്പെൻ്റ് ചെയ്തത്. നടപടി സർക്കാർ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്.

മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകുന്നതിനാണ് സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വരികയും ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. തൃശ്ശൂർ സ്വദേശിയായ ഇവർ കുടുംബവുമായി നാട്ടിലേക്ക് പോകും വഴി പൊന്നുരുന്നിക്ക് സമീപം കാറിൽ വെച്ച് പണം വാങ്ങുകയും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു.

പിന്നീട് വൈറ്റില സോണൽ ഓഫീസിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ പിടിച്ചെടുത്തു. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിൽ പ്രധാനിയാണ് പിടിയിലായ സ്വപ്ന എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *