പെരുമ്പാവൂരില്‍ പുഴയില്‍ വീണ് പെൺകുട്ടി മരിച്ചു; സംഭവം രാവിലെ നടക്കാനിറങ്ങിയപ്പോൾ
പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്.
ഷാജിയുടെ മറ്റൊരു മകൾ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ഒരുമിച്ചാണ് വെള്ളത്തില്‍ വീണത്. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.
ഇരുവരും രാവിലെ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പുഴയരികിലുള്ള പാറയുടെ മുകളില്‍ വിശ്രമിക്കവെ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുഴയില്‍ നിന്ന് കരയ്ക്കു കയറ്റിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജിലെ വിദ്യാര്‍ഥിയാണ് ഫാത്തിമ.