യേശുദേവന്റെ പീഢാസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

Spread the love

യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളി. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളിലൊന്നായി ദുഃഖവെള്ളിയാഴ്ച കണക്കാക്കപ്പെടുന്നു. ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹാ വ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെയാണ് വലിയ നോയമ്പിന് അവസാനം കുറിക്കുന്നത്. ദൈവപുത്രന്‍ മരണം വരിച്ച ദിനമാണ് ദുഃഖവെള്ളി. പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റെയും പീഢാസഹനങ്ങളോര്‍ത്ത് ദുഃഖിക്കുന്നതിന്റെയും ദിവസമായി ആചരിക്കുന്നു. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവും പ്രതീക്ഷയും അതു നല്‍കുന്നു.

യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയയും ചെയ്ത പെസഹാ വ്യാഴത്തിനു തൊട്ടടുത്ത ദിനമാണ് ദുഃഖവെള്ളി. ഈ ദിവസം ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരിമലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.

ബൈബിളിലെ പുതിയ നിയമമനുസരിച്ച് ഈ ദിവസമാണ് യേശുവിനെ റോമാക്കാര്‍ ക്രൂശിച്ചത്. ദൈവപുത്രനാണെന്ന് സ്വയം അവകാശപ്പെട്ടതിനാണ് യേശു ശിക്ഷിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ അത്താഴ സമയത്ത് ശിഷ്യന്മാരില്‍ ഒരാളായ യൂദാസ് അദ്ദേഹത്തെ റോമന്‍ പട്ടാളക്കാര്‍ക്ക് തിരിച്ചറിയാനായി ഒറ്റിക്കൊടുത്തതായി ബൈബിള്‍ കഥകള്‍ പറയുന്നു.അതിന് യഹൂദര്‍ പ്രതിഫലം നല്‍കിയത് 30 വെള്ളി നാണയങ്ങളായിരുന്നു.

യേശുവിന്റെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയും ആരാധനയും യഹൂദ മതനേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ദൈവനിന്ദാ കുറ്റങ്ങള്‍ ആരോപിച്ച് അവര്‍ യേശുവിനെ റോമാക്കാരുടെ അടുത്തേക്ക് കൊണ്ടുപോയി. റോമന്‍ നേതാവ് പൊന്തിയോസ് പീലാത്തോസ് യേശുക്രിസ്തുവിനെ കുരിശിലേറ്റാന്‍ വിധിച്ചു.

അതൊരു വെള്ളിയാഴ്ചയായിരുന്നു. തലയോട്ടിയുടെ സ്ഥലം അല്ലെങ്കില്‍ ലാറ്റിന്‍ ഭാഷയില്‍ കാല്‍വരി എന്ന് വിളിക്കപ്പെടുന്ന സ്ഥലം വരെ അവര്‍ അദ്ദേഹത്തെ മരക്കുരിശു വഹിച്ചു നടത്തിച്ചു. വഴിനീളെ മര്‍ദ്ദനങ്ങളും പീഢനങ്ങളും. തലയില്‍ മുള്‍ക്കിരീടം സ്ഥാപിച്ചു. ജലപാനം പോലും അനുവദിക്കാതെ ക്രൂരമായ പീഢനവഴികളിലൂടെ രക്തമൊലിപ്പിച്ച് യേശു കുരിശ് വഹിച്ചു നടന്നെത്തി. കൈത്തണ്ടയിലും കാലുകളിലും ആണികള്‍ തറച്ച് അവര്‍ അദ്ദേഹത്തെ മരക്കുരിശിലേറ്റി. പീഢാഭാരത്തില്‍ കുനിഞ്ഞ അവന്റെ തലക്കു മീതേ അവര്‍ ‘ INRI’ ‘Iesus Nazarenus, Rex Iudaeorum,’ അഥവാ ‘Jesus of Nazareth, King of the Jews,’ നസ്‌റേത്തിലെ യേശു, യഹൂദരുടെ രാജാവ് എന്ന് പരിഹാസപൂര്‍വ്വം എഴുതി. വേദനകള്‍ അനുഭവിച്ച് മരക്കുരിശില്‍ കിടന്ന് യേശു മരിച്ചു.

ദുഃഖവും ദു:ഖവും നിറഞ്ഞ ദിവസമായിട്ടും GOOD FRIDAY എന്ന് വിളിക്കുന്നത് എന്തിനാണെന്ന സംശയം പലരും ഉയര്‍ത്താറുണ്ട് . അതിനെ പറ്റി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജര്‍മ്മന്‍ ഭാഷയില്‍ ദുഃഖവെള്ളിയെ കര്‍ഫ്രീറ്റാഗ് അല്ലെങ്കില്‍ ‘ദുഃഖകരമായ വെള്ളിയാഴ്ച’ എന്നാണ് വിളിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഈ ദിവസം ഗുഡ് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. പോളണ്ട് സഭ, ഗ്രീക്ക് സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്സ് സഭകളില്‍ ഈ ദിവസത്തെ ഗ്രേറ്റ് ഫ്രൈഡേ എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.ദുഃഖവെള്ളിയുടെ ഉത്ഭവം ‘ഗോഡ്‌സ് ഫ്രൈഡേ’ എന്ന ഇംഗ്ലീഷ് പദത്തില്‍ നിന്നാണെന്ന് പലരും വിശ്വസിക്കുന്നു

ദുഃഖവെള്ളിയാഴ്ച ദിനം ക്രിസ്ത്യാനികള്‍ യേശുവിന്റെ ത്യാഗങ്ങളെയും ക്രൂശിക്കപ്പെട്ട വഴിയെയും ഓര്‍ത്തെടുക്കുന്നു. ആ കഷ്ടപ്പാടുകള്‍, അനുഭവിച്ച പീഡനങ്ങള്‍, സമാനതകളില്ലാത്ത മരണം എന്നിവയെ പ്രകീര്‍ത്തിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷമുള്ള രണ്ടാം ദിവസമാണ് ആഘോഷത്തിന്റെ ദിവസം, അല്ലെങ്കില്‍ ഈസ്റ്റര്‍ ദിനം. ഈ ദിവസം യേശുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്നു, പുതിയ നിയമം അനുസരിച്ച് അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ മൂന്നാം ദിവസമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *