പരീക്ഷണയോട്ടം നടത്തുന്നതിനിടെ മുംബൈ മോണോറെയിൽ ട്രെയിൻ പാളം തെറ്റി : അപകടം
മുംബൈ: പരീക്ഷണയോട്ടം നടത്തുന്നതിനിടെ മുംബൈ മോണോറെയിൽ ട്രെയിൻ പാളം തെറ്റി ബീമിലിടിച്ച് അപകടം. ഇന്നലെ വഡാല ഡിപ്പോയിലായിരുന്നു സംഭവം. ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ട്രെയിനിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.പുതുതായി എത്തിച്ച മോണോറെയിൽ റേക്കിന്റെ പരീക്ഷണയോട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ആദ്യ കോച്ച് പാളം തെറ്റി ബീമിലിടിച്ചതിനെ തുടർന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തിൽ റേക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ട ട്രെയിൻ ട്രാക്കിൽനിന്ന് നീക്കിയത്.നവീകരണ പ്രവൃത്തികളേത്തുടർന്ന് സെപ്റ്റംബർ 20 മുതൽ മുംബൈ മോണോറെയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പതിവായി നടത്തുന്ന സിഗ്നലിങ് ട്രയലിനിടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നടന്നത് ചെറിയ അപകടമാണെന്നും ആർക്കും പരിക്കില്ലെന്നും അവർ പറയുന്നു.

