കൊല്ലത്ത് വടിവാള്‍ വീശിയ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത്‌ പോലീസ്; രണ്ടുപേര്‍ രക്ഷപ്പെട്ടു

Spread the love

കൊല്ലം : കൊല്ലത്ത് വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പോലീസാണ് പ്രാണരക്ഷാര്‍ഥം വെടിയുതിര്‍ത്തത്. മൂന്ന് പ്രതികളാണ് പോലീസിനെ ആക്രമിച്ചത്. ഒരാളെ പിടികൂടാനായെങ്കിലും മറ്റു രണ്ടുപ്രതികള്‍ സമീപത്തെ കായലില്‍ ചാടി രക്ഷപ്പെട്ടു. നാല് റൗണ്ട് വെടിയുര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് കുണ്ടര പോലീസ് നല്‍കുന്ന വിശദീകരണം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോ പാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പടപ്പക്കരയിലേക്കെത്തിയത്. ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ സ്ഥിരമായി വന്ന് തമ്ബടിക്കുന്ന ഒരു പ്രദേശമാണിത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീടുവളഞ്ഞ് പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് പിന്നാലെ ഓടിയപ്പോള്‍ പ്രതികള്‍ പോലീസിന് നേരെ വടിവാള്‍ വീശുകയായിരുന്നു. ഇതോടെ പ്രതികളില്‍നിന്ന് രക്ഷപ്പെടാന്‍ സിഐ നാല് തവണ വെടിയുതിര്‍ത്തു. ഇതിനിടെ ആന്റണിയും ലിജോയും സമീപത്തെ കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയെ പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണ് ആന്റണിയും ലിജോയുമെന്നാണ് വിവരം. ആറുമാസത്തോളം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ ആളാണ് ആന്റണി. ഇതിനുശേഷമാണ് കഞ്ചാവ് കടത്തിന്റെ പേരിലുള്ള തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Leave a Reply

Your email address will not be published. Required fields are marked *