കളക്‌ടർമാർക്ക് അന്വേഷണം നടത്താം; വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

Spread the love

കളക്‌ടർമാർക്ക് അന്വേഷണം നടത്താം; വഖഫ് സ്വത്തുക്കളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

ഉപയോഗം വഴിയോ കോടതി ഉത്തരവ് പ്രകാരമോ വഖഫ് ആയ സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി. വഖഫ് സ്വത്തുക്കൾ അതല്ലാതാക്കരുതെന്നാണ് ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കുന്നത്. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുകയാണ് കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി വി സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

വഖഫ് കൗൺസിലിൽ എക്‌‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ളീങ്ങൾ തന്നെയാകണം. കളക്‌ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം. എന്നാൽ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കൾ മാറ്റം വരുത്തുന്നതിലെ ആശങ്കയും കോടതി രേഖപ്പെടുത്തി. അതേസമയം, നാളത്തെ വാദം കൂടി കേട്ടതിനുശേഷം ഇടക്കാല ഉത്തരവ് പുറത്തിറക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. നാളെ രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാരിൽ മൂന്ന് അഭിഭാഷകർക്ക് മാത്രമേ വാദിക്കാനാകൂവെന്നും കോടതി അറിയിച്ചു.പാർലമെന്ററി നിയമത്തിലൂടെ മത ആചാരത്തിൽ സർക്കാർ ഇടപെട്ടുവെന്ന് കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ളാം മതത്തിലെ അനിവാര്യമായ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരമാണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു. എന്നാൽ അനുച്ഛേദം 26 മതേതരമാണെന്നും എല്ലാ സമുദായങ്ങൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *