കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പാർട്ടി സംസ്ഥാന സമിതിയംഗമായ കെകെ രാഗേഷ് എസ്എഫ്ഐയിലൂടെ ഉയർന്നുവന്ന നേതാവാണ് കെ കെ രാഗേഷ്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. രാജ്യസഭാംഗമായിരുന്ന രാഗേഷ് കണ്ണൂർ കാഞ്ഞിരോട് സ്വദേശിയാണ്. പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന സന്‍സദ്രത്ന പുരസ്‌കാരത്തിന് 2021ൽ കെ കെ രാഗേഷ് അർഹനായിട്ടുണ്ട്.
നിയമ ബിരുദധാരിയായ രാഗേഷ് കിസാൻ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമാണ്. ഡൽഹിയിൽ കർഷകസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഏക മലയാളിയാണ്. ഡോ. പ്രിയാ വർഗീസാണ് ഭാര്യ. വിദ്യാർഥികളായ ശാരിക, ചാരുത എന്നിവർ മക്കൾ.