സമൂഹത്തിൽ വർണവിവേചനം കൊണ്ടുവരാൻഅനുവദിക്കില്ല : കെ എസ് കെ ടി യു

Spread the love

തിരുവനന്തപുരം : കേരള സമൂഹത്തിൽ വർണവിവേചനം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ കറുത്ത നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു എന്നത് പുരോഗമന സമൂഹത്തിന് ചേർന്ന പ്രവൃത്തിയല്ലെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.

കർഷക തൊഴിലാളികളടക്കമുള്ള ദുർബല ജനവിഭാഗങ്ങളെ നിറത്തിന്റെയും ജാതിയുടേയും പേരിൽ ചൂഷണം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ചരിത്രം കേരളത്തിനുണ്ടായിരുന്നു. സാമൂഹ്യ പരിഷ്കരണ, നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ് അത്തരം ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കിയത്. ‘കാക്ക കുളിച്ചാൽ കൊക്കാകുമോ’ പോലുള്ള ചൊല്ലുകൾ ഉണ്ടായത് തൊഴിലിടങ്ങളിലെ പരിഹാസങ്ങളിൽ നിന്നാണ്.

കർഷക തൊഴിലാളികളാണ് അത്തരം വർണ വിവേചനങ്ങൾക്ക് വിധേയരായിരുന്നത്. നിരവധി സമരങ്ങളിലൂടെയും രക്തസാക്ഷ്യങ്ങളിലൂടെയുമാണ് ഇത്തരം അഭിസംബോധനകളിൽ അഭിരമിക്കുന്ന ഫ്യൂഡൽ മനസ്ഥിതിയെ കേരളം ദുർബലരാക്കിയത്. അതിനെ തിരിച്ചാനയിക്കാനുള്ള പരിശ്രമങ്ങളെ പ്രതിരോധിക്കണം. നിറത്തിന്റേയും ജാതിയുടേയുമൊക്കെ പേരിൽ പൗരൻമാരെ നിന്ദിക്കാനുള്ള മനോനില വളർത്തിയെടുക്കുന്ന സവർണ ബോധത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെ എസ് കെ ടി യു ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *