ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്
ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ബജറ്റ്. ക്ഷീര കർഷകർക്ക് പാൽ കാലിത്തീറ്റ ഇൻസൻ്റീവ് തുടരും. കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു. ജില്ലയിൽ നിരവധി പുതിയ വികസന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ്, ജില്ലാ പഞ്ചായത്ത് ബജറ്റ്. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം മുൻനിർത്തി ലൈഫ് ഭവന പദ്ധതിക്ക് 13 കോടി രൂപ വകയിരുത്തി. മത്സ്യമേഖലയ്ക്ക് 43 ലക്ഷം രൂപ അനുവദിച്ചു. തിരുവമ്പാടി തേവർമലയിൽ വാച്ച് ടവറിനായി പത്ത് ലക്ഷം രൂപ നീക്കിവച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിൽ, കോഴിക്കോട് ജില്ലയിലെ 20 ലക്ഷം പേരെ പങ്കാളിയാക്കും. ലഹരിയെ പ്രതിരോധിക്കാനുള്ള സംസ്ഥാന സർക്കാർ പ്രവർത്തനത്തിൻ്റെ ചുവടുപിടിച്ചാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം.
ചുരം സൗന്ദര്യവത്ക്കരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ, സിവിൽ ഡിസ്പെൻസറി സ്ഥാപിക്കും. 50 ലക്ഷം രൂപയാണ് സിവിൽ ഡിസ്പെൻസറിക്കായി മാറ്റിവച്ചത്. ഫാമിലെ ഉൽപ്പന്നങ്ങൾ വിൽക്കുവാനും വാങ്ങുവാനും ഓഗസ്റ്റിൽ ഫാം ഫെസ്റ്റിവൽ സംഘടിപ്പിക്കും. കാർഷിക മേഖല, വിദ്യഭ്യാസ മേഖല, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി സമഗ്ര മേഖലയിയിലും വികസനം ലക്ഷ്യമിടുന്നതാണ് ഇത്തവണത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ്.