ഷിബിലയെ കൊലപ്പെടുത്തിയത് കൂടെ വരാത്തതിലുള്ള വൈരാഗ്യം കാരണം; യാസിറിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകും
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതി യാസിറിനായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഭാര്യ ഷിബില കൂടെ വരാത്തതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് യാസിർ പോലീസിന് മൊഴി നൽകിയത്. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിനു മുറിവേറ്റ ഷിബില കഴിഞ്ഞ ദിവസമാണ് മരിച്ചത്.
അതേസമയം, ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു യാസറും ഷിബിലയും. യാസിറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. കൊലപാതകം നടന്ന നേരത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊല ചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം. പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കിൻ്റെ സുഹൃത്താണ് യാസർ.