ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ : തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ.കവിതയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചാരിയറ്റ് അഡ്വര്‍ടൈസിംഗ് കമ്പനിയിലെ രാജേഷ് ജോഷി, വൈ.എസ്.ആര്‍.സി.പി എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ മഗുന്ത രാഘവ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഡല്‍ഹി മദ്യനയ കേസില്‍ ഇരുവരെയും ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്.രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കവിതയ്ക്ക് നല്‍കിയ നിര്‍ദേശം. ബി.ആര്‍.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇ.ഡി ആസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കും.കവിതയെ ചോദ്യംചെയ്യും മുന്‍പ് കേസുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ ജയിലിലെത്തി കവിതയുടെ ഓഡിറ്ററായ ബുച്ചി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ദക്ഷിണേന്ത്യന്‍ സംഘവുമായി ബന്ധപ്പെട്ട് ബുച്ചി ബാബു നല്‍കിയ മൊഴിയില്‍ കവിതയ്ക്ക് എതിരെ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം.തുഗ്ലക്ക് റോഡിലെ വസതിയില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്യലിനായി പോകും. തനിക്കെതിരെ നടക്കുന്ന ഇ.ഡി നടപടികള്‍ക്കെതിരെ കവിത സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹർജി അടിയന്തര പ്രാധാന്യത്തോടെ കോടതി പരിഗണിക്കാത്തത് കവിതയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇ.ഡി ആസ്ഥാനത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.