മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗ പാതയിൽ; 360 കിലോമീറ്റർ പൂർത്തിയായി
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ മൊത്തം 508 കിലോമീറ്ററിൽ 360 കിലോമീറ്റർ പണി പൂർത്തിയായതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. പൂർത്തിയായ നിർമ്മാണം ഭൂരിഭാഗവും ഗുജറാത്തിലാണ്. അതെ സമയം മഹാരാഷ്ട്രയിലെ ജോലികളിൽ വലിയ പുരോഗതിയുണ്ടെന്നും കടലിനടിയിലൂടെ തുരങ്കമുണ്ടാക്കുന്നത് രണ്ടുകിലോമീറ്ററോളം പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം പേർക്കാണ് തൊഴിലവസരമുണ്ടാകുന്നത്. ഈ പദ്ധതി ഇന്ത്യയെ വികസിത ഭാരതത്തിലേക്ക് നയിക്കുമെന്നാണ് മന്ത്രി പറയുന്നത്.
ജപ്പാൻ സർക്കാരിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ 12 പ്രധാന സ്റ്റേഷനുകളെ റെയിൽ ലൈൻ ബന്ധിപ്പിക്കും.
ബുള്ളറ്റ് ട്രെയിനുകൾ കടന്നുപോകുമ്പോളുണ്ടാവുന്ന ശബ്ദം തടയാനായി പാളങ്ങൾക്കിരുവശത്തും ജപ്പാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് മതിലുകൾ നിർമിച്ചിരിക്കുന്നത്. വായു കീറിമുറിച്ച് തീവണ്ടി പായുമ്പോഴുണ്ടാകുന്ന ശബ്ദവും ചക്രങ്ങൾ പാളത്തിലുരഞ്ഞുണ്ടാകുന്ന ശബ്ദവും തടയാനാണ് മതിലുകൾ സ്ഥാപിക്കുന്നത്. തീവണ്ടിയിലിരിക്കുന്നവർക്ക് പുറത്തേക്കുള്ള കാഴ്ചയ്ക്ക് തടസ്സമുണ്ടാകാതെയാണ് മതിലുകൾ നിർമ്മിക്കുന്നത്.
508 കിലോമീറ്ററാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപ്പാത. ഇതിൽ 465 കിലോമീറ്ററിലധികം മേൽപ്പാലത്തിലൂടെയാണ്.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് പിന്നാലെ ഇന്ത്യയിലേക്ക് കൂടുതൽ ബുള്ളറ്റ് ട്രെയിനുകളാണ് കടന്നു വരുന്നത്. ഇന്ത്യയുടെ അതിവേഗ റെയിൽ ശൃംഖലയുടെ വികാസം യാത്രയിൽ വിപ്ലവം സൃഷ്ടിക്കും. യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും കൂടുതൽ കാര്യക്ഷമമായ ഗതാഗത ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഗതാഗതത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് പദ്ധതികൾ.
മുംബൈ പൂനെ അതിവേഗ ഹൈപ്പർലൂപ്പ് പദ്ധതിയും ഉടനെയുണ്ടാകും. മണിക്കൂറിൽ 1000 കിലോമീറ്ററിലധികം വേഗതയിൽ ഏകദേശം 25 മിനിറ്റിനുള്ളിൽ മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ സഞ്ചരിക്കാൻ ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയ്ക്ക് കഴിയും. കൂടാതെ മുംബൈ നാഗ്‌പൂർ, മുംബൈ ഡൽഹി അതിവേഗ ട്രെയിൻ പദ്ധതികളും പുരോഗമന പാതയിലാണ്.