ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി: 850 കോടി രൂപ നിക്ഷേപവുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും. ആരോഗ്യരംഗത്തെ വളർച്ചാസാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

· നിലവിലുള്ള ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടിയും പുതിയ പ്രോജക്ടുകളിലൂടെയും ആരോഗ്യപരിപാലനം മെച്ചപ്പെടുത്താൻ തീരുമാനം.

· 4,200ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

കൊച്ചി : രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഊർജം നൽകുന്നതാണ് ഈ നിർണായക പ്രഖ്യാപനം. ആരോഗ്യസേവന രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾസൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. ഒപ്പം, കേരളത്തിലെ ആരോഗ്യരംഗത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ പുലർത്തുന്ന മേധാവിത്വം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപസംഗമത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി. രാജീവുമായും കൂടിക്കാഴ്ച നടത്തി.

പുതുതായി രണ്ട് പ്രോജക്ടുകളാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കേരളത്തിൽ ആവിഷ്കരിക്കുന്നത്. 454 കിടക്കകളോടെ തിരുവനന്തപുരത്ത് പണികഴിപ്പിക്കുന്ന ആസ്റ്റർ ക്യാപിറ്റൽ ആണ് അതിലൊന്ന്. കാസർഗോഡ് ആസ്റ്റർ മിംസിൽ 264 കിടക്കകളും ഉണ്ടാകും. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിആശുപത്രിയിൽ അധികമായി 962 കിടക്കകൾ കൂടി ഉൾപ്പെടുത്തും. ഈ സാമ്പത്തികവർഷം, കൊച്ചിയിൽ 100 കിടക്കകൾ കൂടി ഉൾപ്പെടുത്തിയിരുന്നു.

നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് കീഴിൽ കേരളത്തിൽ ഏഴ് ആശുപത്രികളാണുള്ളത്. ഇവയിൽ രോഗികളെ കിടത്തി ചികില്സിക്കുന്നതിന് 2,635 കിടക്കകൾ ഉണ്ട്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കേരളത്തിലെ ആസ്റ്റർ ശൃംഖലയിലെ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയർത്തും. കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ 53% വും കേരളത്തിൽ നിന്നാണ് (സാമ്പത്തികവർഷം 2025 ലെ ആദ്യത്തെ 9 മാസത്തെ കണക്കുകൾ പ്രകാരം).

വള‍ർച്ചയുടെ ഓരോഘട്ടത്തിലും കേരളം എന്നും ആസ്റ്ററിന്റെ ഹൃദയത്തിലുണ്ട്. സംസ്ഥാനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത മുന്നത്തേക്കാളും ശക്തമാണ്. ആസ്റ്ററിന്റെ വളർച്ച ഉറപ്പിക്കുന്നതിനൊപ്പം ലോകോത്തര ആരോഗ്യസംരക്ഷണം കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവുമടുത്ത് ലഭ്യമാക്കാനും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങളും മെഡിക്കൽ മികവും വളർത്തിയെടുക്കുകയും ചെയ്യാനൊരുങ്ങുന്നതിൽ സന്തോഷമുണ്ട്. ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ എന്നത് മാറ്റങ്ങൾക്ക് കാരണമാകുന്ന വലിയ നിക്ഷേപങ്ങളുടെ കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സാധ്യതകളെ എടുത്തുകാട്ടുന്ന സുപ്രധാന സംരംഭമാണ്. അതിന്റെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരളത്തിന്റെ ആരോഗ്യസംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടി രൂപ കൂടി കേരളത്തിൽ നിക്ഷേപിക്കും. ആരോഗ്യസേവനരംഗത്തെ അമരക്കാരെന്ന നിലയിൽ കേരളത്തിന്റെ കഴിവിൽ ഞങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത് “ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025ൽ പങ്കെടുക്കവെ ആസ്റ്റ‍‍‍ർ ഡി.എംഹെൽത്ത്കെയ‍ർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കേരളത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഡയറക്ടർ അനൂപ് മൂപ്പൻ പറഞ്ഞു. ഡോക്ടർമാർ, നേഴ്‌സുമാർ, ആശുപത്രി ജീവനക്കാർ എന്നിവരുൾപ്പെടെ, നിലവിൽ കേരളത്തിൽ 12,700 ലധികം പേർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ തൊഴിൽ നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വികസനപദ്ധതികൾ പൂർത്തിയാകുമ്പോൾ 4,200 തൊഴിലവസരങ്ങൾ കൂടിതുറക്കും. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് പുറമെ തൊഴിൽ നൈപുണ്യവികസനത്തിനും സാമൂഹിക ഉന്നമനത്തിനും കൂടി മുൻ‌തൂക്കംനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തൊട്ടാകെ മെഡിക്കൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇപ്പോൾ. അടിസ്ഥാനസൗകര്യങ്ങൾക്കും തൊഴിൽ സാദ്ധ്യതകൾക്കുമപ്പുറം സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ ആസ്റ്റ‌‌‌ർ നി‌‌ർണായക പങ്ക് വഹിക്കുന്നു. കമ്പനിയുടെ സന്നദ്ധസേനയായ ആസ്റ്റർ വോളന്റിയേഴ്‌സ്, കേരളത്തിനകത്തും പുറത്തും വിവിധ സേവനങ്ങൾ നൽകിവരുന്നുണ്ട്. ദുരന്തനിവാരണം, അടിയന്തര ചികിത്സ, വിദൂര മേഖലകളിലും ചികിത്സാസൗകര്യങ്ങൾ എത്തിക്കുക എന്നിവ അവയിൽ ചിലതാണ്. വയനാട് ഉരുൾപൊട്ടലുണ്ടായ ഘട്ടത്തിൽ ഉൾപ്പെടെ, ആസ്റ്റർവോളന്റിയേഴ്‌സ് സംഘം രക്ഷാപ്രവർത്തനത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *